സഹകരണ മേഖലയുടെ വിശ്വാസതയും സുതാര്യതയും തകര്‍ക്കാന്‍ കഴിയില്ലെന്നും, അത് ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണെന്നും സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്. ജനുവരി 10 മുതല്‍ ഫെബ്രുവരി 10 വരെ നടപ്പാക്കിയ നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ 9000 കോടി രൂപ ഇതുവരെ സമാഹരിച്ചത് അതിന്റെ ഏറ്റവും വലിയ തെളിവാണെന്ന് മന്ത്രി ചുണ്ടിക്കാട്ടി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കേരള ബാങ്കിന്റെ മിഷന് റെയിന്‍ബോ 2024 ക്യാമ്പയിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകരണ മേഖലയുടെ കരുത്തായ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി കേരള ബാങ്ക് വഴി നടപ്പാക്കുന്ന പുനരുദ്ധാരണ നിധിയിലേക്ക് സംസ്ഥാന ബജറ്റില്‍ 134.42 കോടി രൂപ വകയിരുത്തിയതും സാധാരണക്കാരന്റെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി സ്കീം ഉറപ്പാക്കുന്നതും സഹകരണ മേഖലയുടെ കരുത്തും വിശ്വാസ്യതയും സ്വീകാര്യതയും കൂടുതല്‍ വെളിപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
കാര്‍ഷിക ഗ്രാമീണ മേഖലയുടെ പുരോഗതിക്കൊപ്പം വ്യവസായ മേഖലയിലേക്കും സഹകരണ മേഖല പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. പ്രൈമറി സഹകരണ സംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് കയറ്റുമതി ചെയ്യാന്‍ സാധിച്ചത് സഹകരണ മേഖലയുടെ വിശാലമായ കാഴ്ചപ്പാട് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്തുവാനും അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതി സഹായം ആകും.
ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തി. സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി സുഭാഷ്, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങള്‍, ബാങ്ക് ഡയറക്ടര്‍ അഡ്വ: എസ്. ഷാജഹാന് എന്നിവര്‍ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക