ഇത് ഞാവൽപ്പഴത്തിന്റെ സീസൺ ആണ്. രുചികരമാണെന്നു മാത്രമല്ല. ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ് ഞാവൽപ്പഴം. ആന്തോസയാനിൻ, കെയിംഫെറോൾ തുടങ്ങി നിരവധി ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കാലറി കുറഞ്ഞ ഈ പഴം. പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം ഇവയാലും സമ്പന്നമാണ് ഞാവൽപ്പഴം.
ഞാവൽപ്പഴം മാത്രമല്ല ഞാവൽമരത്തിനും ഔഷധഗുണങ്ങൾ ഉണ്ട്. ഞാവൽ മരത്തിന്റെ തോല് ആസ്മയ്ക്കും കുടൽവ്രണത്തിനും മരുന്നാണ്. മാത്രമല്ല രക്തം ശുദ്ധിയാക്കാനും ഇത് സഹായിക്കും. ഞാവൽ ഇലയാകട്ടെ മോണകളെ ശക്തിപ്പെടുത്തുന്നു. ഞാവൽപ്പഴത്തിന്റെ കുരുവിന് പ്രമേഹത്തിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഞാവൽപ്പഴം ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ദിവസവും ഈ പഴം കഴിക്കാം, ആരോഗ്യഗുണങ്ങൾ അറിഞ്ഞുതന്നെ
ദഹനത്തിനു സഹായകം
ദഹനം എളുപ്പമാക്കാൻ ഞാവല്‍പ്പഴം സഹായിക്കും. ഉദരപ്രശ്നങ്ങൾ അകറ്റാനും ഇത് സഹായിക്കുന്നു. വൈറ്റമിൻ എ, സി എന്നിവ ധാരാളം ഉള്ളതിനാലാണിത്. വായുകോപം തടയുന്നു. വയറു കമ്പിക്കൽ, മലബന്ധം ഇവ അകറ്റുന്നു.
ശരീരഭാരം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒന്നാണ് ഞാവൽപ്പഴം. ഇതിൽ നാരുകൾ ധാരാളം ഉണ്ട്. കാലറിയാകട്ടെ വളരെ കുറച്ചു മാത്രമേ ഉള്ളൂ. അതുകൊണ്ടു തന്നെ ഞാവൽപ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പ്രമേഹം നിയന്ത്രിക്കുന്നു
വർധിച്ച ദാഹവും ഇടയ്ക്കിടെയുള്ള മൂത്രശങ്കയും പ്രമേഹലക്ഷണങ്ങളാണ്. ഇവയെ കുറയ്ക്കാൻ ഞാവൽപ്പഴത്തിനാകും. ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഞാവൽക്കുരു, ഞാവല്‍ മരത്തോല്, ഞാവലിന്റെ ഇല എന്നിവയെല്ലാം പ്രമേഹത്തിനു മരുന്നാണ്.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഞാവൽപ്പഴത്തിനു കഴിവുണ്ട്. ഞാവൽപ്പഴത്തില്‍ ആന്റിഓക്സിഡന്റുകൾ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോളിനെ നിയന്ത്രിച്ച് പ്ലേക്ക് ഉണ്ടാകുന്നതിനെ തടയുന്നു. മാത്രമല്ല ഞാവൽപ്പഴത്തിലടങ്ങിയ പൊട്ടാസ്യം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദം ഇതുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. പതിവായി ഞാവൽപ്പഴം കഴിക്കുന്നത് ഹൃദയധമനികൾക്ക് കട്ടി കൂടുന്നതും തടയും.
ശ്വാസകോശത്തിന്റെ ആരോഗ്യം
ഞാവൽപ്പഴം കഴിക്കുന്നത് കഫശല്യം അകറ്റി ശ്വാസകോശത്തിന് സംരക്ഷണം നൽകും. ആസ്മയുടെ ലക്ഷണങ്ങൾ അകറ്റാനും ഞാവൽപ്പഴം സഹായിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ