വാരണാസി: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദില്‍ അടച്ചിട്ടിരിക്കുന്ന നിലവറകളില്‍ പുരാവസ്തു വകുപ്പ് സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി. നാല് ഹിന്ദു സ്ത്രീകളില്‍ ഒരാളായ രാഖി സിങാണ് വാരാണസി ജില്ല കോടതിയില്‍ ഹരജി നല്‍കിയത്. നാല് നിലവറകളില്‍ ഒന്നില്‍ പൂജ നടത്താൻ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് പുതിയ ഹരജി.
ഗ്യാൻവാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നല്‍കിയ വിധിക്ക് സ്റ്റേ നല്‍കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ക്രമസമാധാന പാലനം ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദേശവും നല്‍കിയിരുന്നു. ആറാം തിയ്യതി പുതുക്കിയ ഹരജി സമർപ്പിക്കാനാണ് ഹരജിക്കാരായ പള്ളി അധികൃതർക്ക് കോടതി നിർദേശം നല്‍കിയത്.
പൂജക്ക് അനുമതി നല്‍കിയുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകം ‘വ്യാസ് കാ തെഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയില്‍ പൂജയും പ്രസാദ വിതരണവും ആരംഭിച്ചിരുന്നു. 1993ല്‍ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കാനാണ് വാരാണസി ജില്ല കോടതി വിധിച്ചത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹരജിയിലാണ് അനുമതി ലഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















