അബൂദബി: ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഹെൽത്ത് സെന്ററിന് 10 ലക്ഷം ദിർഹം പിഴയിട്ടു. രേഖകളിൽ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തിൽ സെന്ററിലെ ചില ഡോക്ടർമാർക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹെൽത്ത് സെന്ററിന്റെ എല്ലാ ബ്രാഞ്ചുകളിലും ദന്തചികിത്സ നിർത്തിവെക്കാൻ വകുപ്പ് നിർദേശിച്ചു. ഇതുകൂടാതെ നിയമലംഘനം കണ്ടെത്തിയ എട്ട് ഹെൽത്ത് സെന്ററുകൾ, നാല് പരിചരണകേന്ദ്രങ്ങൾ, ഒരു ഡെന്റൽ ക്ലിനിക്, ഒക്യുപ്പേഷനൽ മെഡിസിൻ സെന്റർ, ലബോറട്ടറി, മെഡിക്കൽ സെന്റർ എന്നിവ അടച്ചുപൂട്ടാനും ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
പകർച്ചവ്യാധി കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുക, ഇലക്ട്രോണിക് റിപ്പോർട്ടിങ് നിയമങ്ങളുടെ ലംഘനം, അടിയന്തര കേസുകളിൽ മരുന്നുകളും മറ്റു സഹായങ്ങളും ലഭ്യമാക്കാതിരിക്കുക, പകർച്ചവ്യാധി തടയുന്നതിൽ വീഴ്ച, മെഡിക്കൽ റെക്കോഡുകൾ സുരക്ഷിതമായി സൂക്ഷിക്കാതിരിക്കുക, ഹോം കെയർ സർവിസ് രംഗത്തെ നിർദേശങ്ങൾ പാലിക്കാതിരിക്കുക, രോഗിയുടെ സമ്മതമില്ലാതെയുള്ള ചികിത്സ, ചികിത്സയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും വെല്ലുവിളികളും രോഗിയോട് വ്യക്തമാക്കാതിരിക്കുക, ആരോഗ്യ വിഭാഗത്തിന്റെ ലൈസൻസുള്ള പ്രഫഷനുകളെ നിയമിക്കുന്നതിൽ വീഴ്ച തുടങ്ങിയ നിയമലംഘനങ്ങളാണ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. എമിറേറ്റിലെ ആരോഗ്യസുരക്ഷ സംവിധാനങ്ങളുടെ കാര്യക്ഷമത കാത്തുസൂക്ഷിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എല്ലാ മെഡിക്കൽ സെന്ററുകളോടും ആരോഗ്യവിഭാഗം നിർദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു