യു.എ.ഇയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യമുള്ള അബൂദബിക്ക് മറ്റൊരു നിര്‍ണായക നേട്ടം കൂടി. അതിപുരാതനം കാലംതൊട്ടേ അബൂദബി ആഗോളതലത്തിലും മേഖലാതലത്തിലുമുള്ള വ്യാപാര കേന്ദ്രമായിരുന്നുവെന്നു തെളിയിക്കുന്ന വെങ്കലയുഗത്തിലെ പുരാവസ്തു ശേഖരങ്ങളുടെ കണ്ടെത്തലുമായി അബൂദബി സാംസ്കാരിക ടൂറിസം വകുപ്പിലെ പുരാവസ്തുപര്യവേഷകര്. സാസ് അല്‍ നഖ്ല് ദ്വീപിലാണ് ‘ഉമ്മ് അന്നാര് വെങ്കല യുഗ സംസ്കാരം’ വെളിവാക്കുന്ന പുരാവസ്തു ശേഖരങ്ങള്‍ കണ്ടെത്തിയത്. അബൂദബിയിലെ ആദ്യ പുരാവസ്തുപര്യവേഷണം തുടങ്ങി 65 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെങ്കലയുഗത്തിലേക്ക് വെളിച്ചംവീശുന്ന കണ്ടെത്തലുകളുണ്ടായിരിക്കുന്നത്.
ഉമ്മ് അന്നാര് എന്നുകൂടി പേരുള്ള സാസ് അല്‍ നഖ്ല് ദ്വീപില്‍ നടത്തിയ ഖനനത്തില്‍ 2700-2000 ബി.സി.ഇ കാലത്തെ നിര്‍മിതികളാണ് കണ്ടെത്തിയിരിക്കുന്നത്. വാട്ടര്‍ പ്രൂഫ് മണ്‍പാത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന മെസപ്പെട്ടോമിയയിലെ(ഇന്നത്തെ ഇറാഖ്) ടാര്‍, കളിമണ്ണ് പൊതിഞ്ഞ സംഭരണകുഴി, കല്ലില്‍ നിര്മിച്ചപാത്രങ്ങള്, വെങ്കലയുഗത്തിലെ ബോട്ടുകളുടെ ഭാഗമെന്നു കരുതുന്ന തടിയും രണ്ടു കയറുകളുമൊക്കെയാണ് ഇവിടെ നിന്ന് ലഭിച്ചത്. ഉമ്മ് അന്നാര് എന്നാല്‍ അഗ്നിയുടെ മാതാവ്, അഗ്നിയുടെ ഇടം എന്നൊക്കെയാണ് അര്‍ഥം. ഇവിടുത്തെ ഭൂരിഭാഗം ഇടങ്ങളിലും തീ കൂട്ടിയതിന്റെ ഭാഗമായി ചാരവും ഇരുണ്ട മണ്ണുമൊക്കെയാണുള്ളത്.
അടുത്തിടെ നടത്തിയ പര്യവേഷണത്തില്‍ നന്നായി സംരക്ഷിതമായിരുന്ന മുപ്പതിനായിരത്തിലധികം അസ്ഥികളും ഇവിടെ നിന്നു ലഭിച്ചിരുന്നു. ഇവ വെങ്കലയുഗത്തിലെ ഭക്ഷണരീതികളിലേക്കു വെളിച്ചംവീശാന്‍ സഹായിക്കുന്നതായിരുന്നു. മല്‍സ്യവും കടല്പക്ഷികളുമായിരുന്നു ഇവിടുത്തെ പ്രധാന ഭക്ഷണമെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. വലിയ മൃഗങ്ങളുടെ ധാരാളം അസ്ഥികള്‍ വൃത്താകൃതിയിലുള്ള അടുപ്പിനു ചുറ്റുമായാണ് കിടന്നിരുന്നത്. ഇത് വിരല്‍ചൂണ്ടുന്നത് ആചാരപരമായതോ കൂട്ടായതോ ആയ പ്രവര്‍ത്തനങ്ങളിലേക്കാണ്. 2800നും 2200 ബി.സി.ഇയ്ക്കുമിടയില് മേഖല മെസപ്പോട്ടോമിയയുടെയും ഇന്‍ഡസ് വാലി(പാകിസ്താനും ഇന്ത്യയും അടങ്ങുന്ന പ്രദേശം)യുടെയും സുപ്രധാന വ്യാപാരകേന്ദ്രമായിരുന്നുവെന്നാണ് പുതിയ കണ്ടെത്തലുകള്‍ തെളിയിക്കുന്നത്.
പുരാതനകാലം മുതലുള്ള രാജ്യത്തിന്റെ ചരിത്രവും പെരുമയും കണ്ടെത്തുകയും അവ സംരക്ഷിക്കുകയും അവയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അവബോധം പകരുകയെന്നതുമായ ലക്ഷ്യത്തിന്റെ ഭാഗമായാണ് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് പര്യവേഷണ പദ്ധതിക്ക് തുടക്കം കുറിച്ചത്. അബൂദബിയില്‍ മാത്രം ഏഴ് സജീവ പര്യവേഷണ കേന്ദ്രങ്ങളാണുള്ളത്. അല്‍ ഐന്‍, സാസ് അല്‍ നഖ്ല്, ഘാഘ(ghagha)ഐലന്‍ഡ് എന്നിവിടങ്ങളില്‍ 2023-2024 കാലത്ത് പര്യവേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇവിടെ നിന്ന് 8500 വര്‍ഷം പഴക്കമുള്ള നിര്‍മിതികളും ഡെല്‍മ ഐലന്‍ഡില്‍ 7000 വര്‍ഷം പഴക്കമുള്ള കുടിയേറ്റ കേന്ദ്രവും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു