ദുബൈ നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിനെയും ദുബൈ ഹാർബറിനെയും ബന്ധിപ്പിച്ച് പാലം നിർമിക്കുന്നു. 1,500മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലം ദുബൈ ഹാർബർ പ്രദേശത്തേക്ക് യാത്ര എളുപ്പമാക്കുന്നതാണ്. പാലം യാഥാർഥ്യമാകുന്നതോടെ യാത്രാദൂരം ഗണ്യമായി കുറയും.
രണ്ട് ലൈനുകളിലായി മണിക്കൂറിൽ 6,000വാഹനങ്ങൾക്ക് കടന്നുപോകാവുന്ന പാലം സംബന്ധിച്ച് റോഡ് ഗതാഗത അതോറിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ദുബൈ അമേരിക്കൻ യൂനിവേഴ്സിറ്റിക്ക്സമീപത്തെ ശൈഖ് സായിദ് റോഡിലെ ഫിഫ്ത്ത് ജങ്ഷൻ മുതൽ ദുബൈ ഹാർബർ സ്ട്രീറ്റ് വരെയാണ് പാലം
ശമൽ ഹോൾഡിങ് കമ്പനിയുമായി പാലം നിർമാണത്തിന് ആർ.ടി.എ കരാർ ഒപ്പുവെച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ മേഖലയിൽ ഗതാഗതം മെച്ചപ്പെടുകയും യാത്രാ സമയം 12 മിനിറ്റിൽ നിന്ന് മൂന്ന് മിനിറ്റായി കുറയുകയും ചെയ്യുമെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. പാലം കടന്നുപോകുന്ന നാല് ജങ്ഷനുകളുടെ ഉപരിതല വികസനവും പദ്ധതിയിൽ ഉൾപ്പെടും. ശൈഖ് സായിദ് റോഡിലെ ഫിഫ്ത്ത് ഇൻറർസെക്ഷൻ, അൽ ഫലക് സ്ട്രീറ്റും അൽ നസീം സ്ട്രീറ്റും ചേരുന്ന കവല, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ് സ്ട്രീറ്റും അൽ നസീം സ്ട്രീറ്റും ചേരുന്ന കവല, ദുബൈ ഹാർബർ സ്ട്രീറ്റ് എന്നിവയുടെ ഉപരിതലമാണ് പദ്ധയുടെ കൂടെ വികസിപ്പിക്കുന്നത്.
ദുബൈ ഹാർബർ ഡിസ്ട്രിക്റ്റിന്റെ വികസനത്തിൽ നിർണായകമാകുന്ന പദ്ധതിയിൽ ആർ.ടി.എയുമായി സഹകരിച്ചു പ്രവർത്തിക്കാനാവുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ശമൽ ഹോൾഡിങ് ചീഫ് പോർട്ഫോളിയോ മാനേജ്മെന്റ് ഓഫീസർ അബ്ദുല്ല ബിൻ ഹബ്തൂർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു