തീവ്രവാദത്തിനെതിരായ സംയുക്ത പോരാട്ടത്തിന് നൂറ് മില്യണ്‍ റിയാലിൻ്റെ പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. റിയാദിൽ നടന്ന ഐഎംസിടി സഖ്യത്തിൻ്റെ സമ്മേളനത്തിൽ സൌദി പ്രതിരോധ മന്ത്രിയാണ് പിന്തുണ പ്രഖ്യാപിച്ചത്. 45 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുത്തു.
ഇസ്ലാമിക് മിലിട്ടറി കൗണ്ടർ ടെററിസം സഖ്യത്തിലെ പ്രതിരോധമന്ത്രിമാരുടെ രണ്ടാമത്തെ സമ്മേളനത്തിലാണ് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ സഖ്യത്തിന് 100 മില്യണ്‍ റിയാലിൻ്റെ പിന്തുണ പ്രഖ്യാപിച്ചത്. ഭീകരതക്കെതിരെ പോരാടേണ്ടത് ഒരു കൂട്ടുത്തരവാദിത്തമാണ് എന്ന തലക്കെട്ടിൽ റിയാദിലായിരുന്നു സമ്മേളനം. 42 അംഗരാജ്യങ്ങളിൽ നിന്നും, സഖ്യത്തെ പിന്തുണക്കുന്ന മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിരോധ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
ആഗോള സുരക്ഷയും സമാധാനവും കൈവരിക്കാൻ തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കണമെന്ന് സഖ്യത്തിലെ പ്രതിരോധ മന്ത്രിമാരുടെ കൗൺസിൽ ചെയർമാൻ കൂടിയായ ഖാലിദ് രാജകുമാരൻ പറഞ്ഞു. പ്രത്യയശാസ്ത്രം, ആശയവിനിമയം, തീവ്രവാദ വിരുദ്ധ ധനസഹായം, സൈന്യം എന്നീ നാല് പ്രവർത്തന മേഖലകളിലായി 46 പരിശീലന പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാതരം ഭീകരതയെയും സംയുക്ത പ്രവർത്തനങ്ങളിലൂടെ നേരിടുക എന്ന ലക്ഷ്യത്തിനായി 2015-ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഐഎംസിടി സഖ്യം സ്ഥാപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു