ന്യൂഡല്‍ഹി: സ്വന്തം വീട്ടില്‍ കയറി ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ യുവതി പിടിയിൽ. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി കംലേഷിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. സംഭവത്തിൽ ഇവരുടെ മൂത്തമകള്‍ ശ്വേത(31)യെ ആണ് പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജനുവരി 30-നാണ് കംലേഷിന്റെ ഉത്തംനഗര്‍ സേവക് പാര്‍ക്കിലെ വീട്ടില്‍നിന്ന് 25,000 രൂപയും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ, വെള്ളി ആഭരണങ്ങളും മോഷണംപോയത്. ജനുവരി 30-ന് ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നായിരുന്നു ഇവരുടെ പരാതി. തുടര്‍ന്ന് പോലീസ് വീട്ടില്‍ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ബലംപ്രയോഗിച്ച് വീട്ടില്‍ പ്രവേശിച്ചതിന്റെ ലക്ഷണങ്ങളും കണ്ടില്ല. ഇതോടെ സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഈ ദൃശ്യങ്ങളില്‍നിന്നാണ് ബുര്‍ഖ ധരിച്ചെത്തിയ യുവതി വീടിനകത്തേക്ക് കയറുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിയതോടെ പരാതിക്കാരിയുടെ മകള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു.
തന്റെ കടബാധ്യതകള്‍ തീര്‍ക്കാനായാണ് മോഷണം ആസൂത്രണം ചെയ്തതെന്നായിരുന്നു പ്രതിയുടെ മറുപടി. അമ്മയ്ക്ക് ഇളയ സഹോദരിയോടുള്ള ഇഷ്ടക്കൂടുതലും മോഷണത്തിന് കാരണമായി. തുടര്‍ന്നാണ് സഹോദരിയുടെ വിവാഹത്തിനായി അമ്മ കരുതിയിരുന്ന സ്വര്‍ണാഭരണങ്ങളടക്കം പ്രതി മോഷ്ടിച്ചത്. പ്രതി നേരത്തെ അമ്മയെ സൂക്ഷിക്കാനേല്പ്പിച്ച സ്വന്തം ആഭരണങ്ങളും ഇതിലുണ്ടായിരുന്നു.
മോഷണം ആസൂത്രണംചെയ്ത പ്രതി ഇതിനായി ജനുവരിയില്‍ തന്നെ വീട്ടില്‍നിന്ന് താമസം മാറിയിരുന്നതായാണ് പോലീസ് പറയുന്നത്. ശ്വേതയ്ക്ക് പുതിയ താമസസ്ഥലം ഏര്‍പ്പാടാക്കാന്‍ സഹായിച്ചതും അമ്മയായിരുന്നു. തുടര്‍ന്ന് പുതിയ സ്ഥലത്തേക്ക് താമസം മാറിയതോടെ അമ്മയും ഇവിടേക്ക് വരുന്നത് പതിവായി. ഇളയമകള്‍ ജോലിക്ക് പോയതിന് ശേഷമാണ് ഇവര്‍ ശ്വേതയുടെ പുതിയ വീട്ടിലെത്തിയിരുന്നത്. ജനുവരി 30-നും പതിവുപോലെ അമ്മ തന്റെ വീട്ടിലെത്തിയപ്പോളാണ് ശ്വേത കുടുംബവീട്ടിലെത്തി കവര്‍ച്ച നടത്തിയതെന്നും പോലീസ് പറഞ്ഞു.
തന്റെ താമസസ്ഥലത്തേക്ക് എത്തിയ അമ്മയില്‍നിന്ന് കുടുംബവീടിന്റെ താക്കോല്‍ കൈക്കലാക്കുകയാണ് പ്രതി ആദ്യംചെയ്തത്. തുടര്‍ന്ന് പച്ചക്കറി വാങ്ങാനെന്ന് പറഞ്ഞ് പുറത്തിറങ്ങി. പിന്നീട് നേരത്തെ കൈയില്‍ കരുതിയിരുന്ന ബുര്‍ഖയുമായി പൊതുശൗചാലയത്തിലേക്കാണ് പോയത്. ഇവിടെവെച്ച് ബുര്‍ഖ ധരിച്ചശേഷം അമ്മയുടെ വീട്ടിലേക്ക് പോവുകയും സ്വര്‍ണവും പണവും കവരുകയുമായിരുന്നു. കേസില്‍ ശ്വേതയെ അറസ്റ്റ് ചെയ്തെങ്കിലും മോഷ്ടിച്ച ആഭരണങ്ങളെല്ലാം പ്രതി അതിനോടകം വിറ്റഴിച്ചിരുന്നു. ഇവയെല്ലാം പിന്നീട് പോലീസ് കണ്ടെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ