കൊല്ലം∙ കിഫ്ബി ഫണ്ടിൽ നിന്നുള്ള 124 കോടി രൂപ വിനിയോഗിച്ച് ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണം ഏപ്രിൽ ആദ്യം തുടങ്ങിയേക്കും. കരാർ ഉറപ്പിച്ച പശ്ചാത്തലത്തിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിത്തുടങ്ങി. ആർഎംഒ ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ള 12 പഴയ കെട്ടിടങ്ങളാണു പൊളിക്കുന്നത്. നാലെണ്ണം പൊളിച്ചു നീക്കുന്നതിനുള്ള കരാറുകൾ ഉറപ്പിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെയാണു കരാർ. 2026 അവസാനത്തോടെ നിർമാണം പൂർത്തിയാക്കണം.
നിലവിലെ ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, മനോരോഗ ചികിത്സാ വിഭാഗം, സ്റ്റോർ, മോർച്ചറി തുടങ്ങിയ ഉൾപ്പെടുന്ന കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. കെട്ടിടങ്ങൾ പൊളിക്കുന്നതിനൊപ്പം അവിടെ ലഭ്യമായിരുന്ന സേവനങ്ങൾ ആശുപത്രിയുടെ മറ്റു ഭാഗങ്ങളിലേക്കു മാറ്റും. നിലവിലെ ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക്, സ്റ്റോർ തുടങ്ങിയവ കാഷ്വൽറ്റിയുടെ മുകളിലെ നിലയിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
ഏകദേശം അഞ്ച് ഏക്കറിലാണ് ജില്ലാ ആശുപത്രി. സ്ഥലപരിമിതി മൂലമാണ് ഉയരത്തിലേക്കുള്ള നിർമാണത്തിനു തീരുമാനിച്ചത്. 2.35 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമാണം നടക്കുക. 10 നിലയിൽ വാർഡ് ടവർ, 7 നിലയിൽ ഡയഗ്നോസ്റ്റിക് സെന്റർ, 3 നിലയിൽ യൂട്ടിലിറ്റി ബ്ലോക്ക് എന്നിവയും കന്റീൻ, മോർച്ചറി എന്നിവയ്ക്കായി പ്രത്യേക കെട്ടിടങ്ങളും നിർമിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ