റിയാദ്: വാണിജ്യ മന്ത്രാലയത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ വെബ്സൈറ്റുകളെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും പ്രതിനിധി ചമഞ്ഞ് വരുന്നവരെയും കരുതിയിരിക്കണമെന്ന് അധികൃതർ. ഉപഭോക്താക്കൾ ഇരകളാകുന്ന നിരവധി വഞ്ചനക്കേസുകൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മന്ത്രാലയ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്നവർ ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ വ്യാജ മാർഗങ്ങളിലൂടെ നേടിയ ശേഷം കബളിപ്പിക്കുന്നതായി മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.
വ്യാജ വെബ്സൈറ്റുകളിലും പേജുകളിലും സ്വകാര്യ വിവരങ്ങൾ പങ്കിടുന്നതിന്റെ ഫലമായി വലിയ നഷ്ടങ്ങൾ ഉപഭോക്താക്കൾക്ക് സംഭവിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽനിന്ന് വ്യക്തമാണ്. മന്ത്രാലയവുമായി ബന്ധമുണ്ടെന്ന് പറഞ്ഞും ഓൺലൈൻ ഷോപ്പിങ് പോർട്ടലുകൾ വഴി വാങ്ങിയശേഷം മടക്കിയ ഉൽപന്നങ്ങളുടെ പണം തിരികെ ലഭിക്കാനുള്ള അവസരമെന്നും അവകാശപ്പെട്ടാണ് വ്യാജ വെബ്സൈറ്റുകൾ വഴി ആളുകളെ സമീപിച്ച് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.
വ്യക്തിഗത വിവരങ്ങളും മറ്റും സമർപ്പിക്കാൻ അഭ്യർഥിച്ചുകൊണ്ടാണ് തട്ടിപ്പിന്റെ തുടക്കം. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ പങ്കിടുന്നു. കൂടാതെ ബാങ്ക് അക്കൗണ്ടുകൾ, പാസ്വേഡുകൾ അല്ലെങ്കിൽ സ്ഥിരീകരണ കോഡുകൾ പോലുള്ള രഹസ്യവിവരങ്ങൾ ഇങ്ങനെ നേടിയെടുക്കും. ഇതിനൊക്കെ വഞ്ചനാപരമായ രീതികളാണ് വ്യാജന്മാർ നടത്തുകയെന്നും കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി.ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് പ്രവർത്തിച്ചുവരുകയാണെന്ന് മന്ത്രാലയം പറഞ്ഞു. ഒരാൾക്കും രഹസ്യവിവരങ്ങൾ കൈമാറരുത്. വാണിജ്യ മന്ത്രാലയം വ്യക്തികളുടെ ബാങ്ക് അക്കൗണ്ട്, എ.ടി.എം കാർഡ് നമ്പറുകളോ പാസ്വേഡുകളോ വെരിഫിക്കേഷൻ കോഡുകളോ ഒരിക്കലും ആവശ്യപ്പെടാറില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം വിവരങ്ങളും പരാതികളും ശേഖരിക്കാൻ മന്ത്രാലയത്തിന് വ്യവസ്ഥാപിതമായ സംവിധാനമുണ്ട്. മന്ത്രാലയത്തിന്റെ ഏകീകൃത നമ്പറായ 1900 വഴിയോ https://mc.gov.sa/C- എന്ന പോർട്ടൽ വഴിയോ മാത്രമെ ഉപഭോക്താക്കളിൽനിന്ന് റിപ്പോർട്ടുകൾ സ്വീകരിക്കാറുള്ളൂവെന്നും മന്ത്രാലയം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു