വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യയുടെ ലീഡ് 350 റൺസ് കടന്നു. നിലവിൽ രണ്ടാം ഇന്നിങ്സിൽ 57.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 219 റൺസെടുത്തിട്ടുണ്ട്.
147 പന്തിൽ 104 റൺസെടുത്താണ് ഗിൽ പുറത്തായത്. ശുഐബ് ബഷീറിന്റെ പന്തിൽ സ്റ്റോക്സിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽതന്നെ തിരിച്ചടിയേറ്റു. രണ്ടു റൺസ് കൂട്ടിചേർക്കുന്നതിനിടെ ഓപ്പണർമാരായ രോഹിത് ശർമയും (21 പന്തിൽ 13) യശസ്വി ജയ്സ്വാളും (27 പന്തിൽ 17) മടങ്ങി. ഇരുവരെയും വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണാണ് പുറത്താക്കിയത്. പിന്നാലെ ഗില്ലും ശ്രേയസ് അയ്യരും ചേർന്ന് സ്കോർ 100 കടത്തി. 52 പന്തിൽ 29 റൺസെടുത്ത ശ്രേയസ്സിനെ ടോം ഹോർട്ലി സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു.
Read also: ഉസ്ബകിസ്താനെ തോൽപിച്ച് ഖത്തർ സെമിയിൽ
അധികം വൈകാതെ രജത് പാട്ടീദാറും (19 പന്തിൽ ഒമ്പത്) പുറത്തായി. റെഹാൻ അഹ്മദിനാണ് വിക്കറ്റ്. ഒരറ്റത്ത് ഗിൽ ചെറുത്തുനിന്നു. മോശം ഫോമിന്റെ പേരിൽ താരത്തെ പഴിക്കുന്ന ആരാധകർക്കുള്ള മറുപടി കൂടിയാണ് ഗില്ലിന്റെ ഈ സെഞ്ച്വറി പ്രകടനം. 45 റൺസുമായി അക്സർ പട്ടേലും രണ്ടു റണ്ണുമായി എസ്. ഭരതുമാണ് ക്രീസിൽ. പേസർ ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സിൽ തകർത്തത്. 55.5 ഓവറിൽ 253 റൺസിന് പുറത്തായി.
ഇന്ത്യക്ക് 143 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 15.5 ഓവറിൽ 45 റൺസ് മാത്രം വഴങ്ങി ബുംറ ആറു വിക്കറ്റുകൾ നേടി. ടെസ്റ്റ് ക്രിക്കറ്റിൽ 150 വിക്കറ്റുകളെന്ന നാഴികക്കല്ലും ബുംറ പിന്നിട്ടു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും ഇംഗ്ലണ്ടിന് മുതലെടുക്കാനായില്ല. 76 പന്തിൽ 78 റൺസെടുത്ത ഓപ്പണർ സാക്ക് ക്രൗലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഏകദിന ശൈലിയിൽ ബാറ്റുവീശിയ താരം രണ്ടു സിക്സും 11 ഫോറും നേടി. നായകൻ ബെൻ സ്റ്റോക്സ് 54 പന്തിൽ 47 റൺസെടുത്തു.
ഒരുഘട്ടത്തിൽ രണ്ടു വിക്കറ്റിന് 114 റൺസെന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇംഗ്ലണ്ട്. ബുംറയുടെ തകർപ്പൻ ബൗളിങ്ങാണ് ഇംഗ്ലണ്ടിന്റെ മധ്യനിരയെ തരിപ്പണമാക്കിയത്. ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ടും ഇന്ത്യ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ