യാംബു: സൗദി അറേബ്യ വീണ്ടും ശൈത്യത്തിന്റെ പിടിയിൽ. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി. തബൂക്കിലെ ജബൽ അല്ലൗസിലും മറ്റ് മലനിരകളിലും താഴ്വാരങ്ങളിലും തുറൈഫ്, അൽ ഖുറയാത്ത് എന്നിവിടങ്ങളിലും താപനില കുറഞ്ഞിട്ടുണ്ട്. മഞ്ഞുവീഴ്ചയുമുണ്ടായി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഓരോ ദിവസം കഴിയുംതോറും താപനില ക്രമാതീതമായി കുറയുകയാണ്. ശക്തമായ ഉപരിതല കാറ്റും ചിലയിടങ്ങളിൽ പൊടിക്കാറ്റും ഉണ്ടായതായി റിപ്പോർട്ടുണ്ട്.
നജ്‌റാൻ, റിയാദ് എന്നിവിടങ്ങളിലും കിഴക്കൻ മേഖലകളുടെ ചില ഭാഗങ്ങളിലും ദൂരദൃഷ്ടിയെ പരിമിതപ്പെടുത്തുന്ന നല്ല പൊടിക്കാറ്റ് കഴിഞ്ഞ ദിവസമുണ്ടായി. ജീസാൻ, അസീർ, അൽബാഹ പർവതനിരകളുടെ ചില ഭാഗങ്ങളിൽ നേരിയ മഴക്കും മൂടൽമഞ്ഞ് രൂപപ്പെടാനും അടുത്ത ദിവസങ്ങളിൽ സാധ്യതയുള്ളതായി കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം രാജ്യത്തിെൻറ വടക്കനതിർത്തി പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അൽജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച തുടരും.
ചെങ്കടലിലെ ഉപരിതല കാറ്റിെൻറ ചലനം വടക്ക് മുതൽ വടക്കുപടിഞ്ഞാറ് വരെ മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വേഗതയിലായിരിക്കുമെന്നും മധ്യഭാഗത്തും തെക്കൻ ഭാഗത്തും മണിക്കൂറിൽ 50 കിലോമീറ്ററിൽ എത്തുമെന്നും തിരമാലയുടെ ഉയരം ഒന്നര മീറ്റർ മുതൽ രണ്ടര മീറ്റർ വരെ ഉയരത്തിലായിരിക്കുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം ചൂണ്ടിക്കാട്ടി. അറേബ്യൻ ഗൾഫിലെ ഉപരിതല കാറ്റിെൻറ ചലനം വടക്കുകിഴക്ക് ദിശയിൽ മണിക്കൂറിൽ 25 മുതൽ 50 വരെ കിലോമീറ്റർ വരെ വേഗതയിലായിരിക്കുമെന്നും കേന്ദ്രം പ്രവചിച്ചു.
ഗൾഫ് മേഖലകളിലും സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ അതി ശൈത്യത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. സൗദിയിലെ ചില പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ കുറഞ്ഞ താപനില മൈനസ് ഒരു ഡിഗ്രി മുതൽ നാല് ഡിഗ്രി വരെയും കൂടിയ താപനില 10 ഡിഗ്രിമുതൽ 17 ഡിഗ്രിവരെയുമായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു