ജനീവ: 2050 ആകുമ്പോഴേക്കും അർബുദ രോഗികളുടെ എണ്ണം 77 ശതമാനം വർധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കാൻസർ ഏജൻസിയായ ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ. പ്രതിവർഷം 3.5 കോടി കേസുകൾ ആകുമെന്നാണ് മുന്നറിയിപ്പ്. വായു മലിനീകരണവും തെറ്റായ ജീവിത ശൈലിയും പുകയില, മദ്യം തുടങ്ങിയവയുടെ ഉപയോഗവുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഭൂരിപക്ഷം രാജ്യങ്ങളും സാർവത്രിക ആരോഗ്യ പരിരക്ഷയുടെ ഭാഗമായി മുൻഗണനയുള്ള കാൻസറിനും പാലിയേറ്റീവ് കെയർ സേവനങ്ങൾക്കും വേണ്ടത്ര ധനസഹായം നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന 115 രാജ്യങ്ങളിൽ നടത്തിയ സർവേ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പറയുന്നു. അർബുദങ്ങളെ നേരത്തേ കണ്ടെത്തുന്നതിലും ചികിത്സയിലും പരിചരണത്തിലും പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വിവിധ രാജ്യങ്ങളിൽ ഇക്കാര്യത്തിലെ അന്തരം സംഘടന ചൂണ്ടിക്കാട്ടുന്നു.
ദരിദ്ര രാജ്യങ്ങളിൽ ചികിത്സക്കും പരിചരണത്തിനും വേണ്ടത്ര വിഭവങ്ങളില്ല. ഇത് പരിഹരിക്കാൻ അന്തർദേശീയ തലത്തിൽ ഏകോപനവും സഹകരണവും വേണമെന്ന നിർദേശവും ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ മുന്നോട്ടുവെക്കുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ