കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കമ്പനി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചേര്‍പ്പ് പൊലീസ് എടുത്ത കേസ് വ്യാജമാണെന്നും റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. മുന്‍കൂര്‍ പണം വാങ്ങിയത് നിക്ഷേപമല്ല. ബഡ്‌സ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മണിചെയിന്‍ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളാണ് ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപനും, ഭാര്യ ശ്രീനയും. സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിചാരണക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം ജെ സന്തോഷ് എന്നിവര്‍ സമാനസ്വഭാവമുള്ള 19 കേസുകളില്‍ കൂടി ഇവര്‍ പ്രതികളാണെന്ന വിവരം കോടതിയെ അറിയിച്ചത്. ഇതില്‍ 3 കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചിട്ടുണ്ട്.