മുംബൈ∙ ബിജെപി എംഎൽഎ ഗണപത് ഗായ്ക്ക്‌വാഡ് ശിവസേന ഷിൻഡെ വിഭാഗം നേതാവ് മഹേഷ് ഗായ്ക്ക്‌വാഡിനെ വെടിവച്ചു വീഴ്ത്തിയ സംഭവം ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി. പൊലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ സാന്നിധ്യത്തിലാണ് എംഎൽഎ തോക്കെടുത്ത് വെടിവച്ചത് എന്നത് ഗൗരവം വർധിപ്പിക്കുന്നു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് സംഭവം.
ക്രമസമാധാന തകർച്ച ആരോപിച്ച് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം പുണെയിൽ ബിജെപി എംഎൽഎ പൊലീസ് ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പുണെയിൽ പൊതുപരിപാടിക്കിടെ പുണെ കന്റോൺമെന്റ് മണ്ഡലത്തിലെ എംഎൽഎ സുനിൽ കാംബ്ലെയാണ് പൊലീസ് കോൺസ്റ്റബിളിന്റെ കരണത്തടിച്ചത്. എന്നാൽ താൻ ആരെയും ആക്രമിച്ചിട്ടില്ലെന്നും വഴി തടഞ്ഞു നിന്ന ആളെ തള്ളിമാറ്റി മുന്നോട്ട് പോകുകയായിരുന്നുവെന്നുമായിരുന്നു കാംബ്ലെയുടെ ന്യായം. രണ്ടു സംഭവങ്ങളുടെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.