കൊട്ടാരക്കര: തെരുവുനായ് ശല്യം രൂക്ഷമായി കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരം. 15 ഓളം നായ്ക്കൾ പെറ്റുപെരുകി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വിഹരിക്കുകയാണ്. നായ്ക്കൾ കഴിഞ്ഞദിവസം കടിക്കാൻ ഓടിച്ച ചില യാത്രക്കാർക്ക് പാളത്തിൽ വീണ് പരിക്കേറ്റിരുന്നു. രണ്ടുദിവസമായി യാത്രക്കാരെ കടിക്കാൻ ഓടിച്ച പേപ്പട്ടിയെ ജീവനക്കാരും റെസ്ക്യൂ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയിട്ടും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ നഗരസഭ അധികൃതർ തായാറാകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു.
പേപ്പട്ടിയുടെ ലക്ഷണങ്ങൾ കാണിച്ച നായ് യാത്രക്കാരെ നിരന്തരം കടിക്കാൻ ഓടിച്ചതോടെ നഗരസഭയെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് റെസ്ക്യൂ ഉദ്യോഗസ്ഥരാണ് പട്ടിയെ പിടികൂടിയത്. സംഭവം അറിഞ്ഞ് ബി.ജെ.പി പ്രവർത്തകരെത്തി നായ്ക്കളെ നഗരസഭയിൽ എത്തിച്ച് പ്രതിഷേധിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ അധികൃതർ നായ്ക്കളെ ഉഗ്രൻകുന്നിലെ ഷെൽട്ടറിലേക്ക് മാറ്റിയത്. ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച ഷെൽട്ടർ ഉപയോഗശൂന്യമാണെന്നും ആരോപണമുണ്ട്.