നിത്യജീവിതത്തിൽ നടുവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലമാണിത്. ദീർഘനേരം ഇരുന്നും നിന്നുമുള്ള ജോലികൾ പലപ്പോഴും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ പലപ്പോഴും വേദനയുടെ തീവ്രതയ്ക്ക് അനുസരിച്ച് പരിഹാരമാർഗ്ഗങ്ങളും മാറാറുണ്ട്. നട്ടെല്ലിനുള്ള വ്യായാമങ്ങളും പോസ്ചറൽ രീതികളും മാറ്റുന്നതും അനുസരിച്ച് നടുവേദന ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും.
എന്നാൽ ഇത്തരം വ്യായാമങ്ങളിലൂടെ തേയ്മാനം സംഭവിച്ച ഭാഗം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കില്ലെങ്കിലും നട്ടെല്ലിനു ചുറ്റുമുള്ള പേശികളെ ബലപ്പെടുത്താനാവും. ഇനി ഇടയ്ക്കിടെ വരുന്ന നടുവേദനയ്ക്ക് നിത്യജീവിതത്തിൽ സ്വീകരിക്കാവുന്ന ചില പരിഹാരമാർഗങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
നല്ല പോസ്ചർ ശീലമാക്കുക
പലരും ദീർഘനേരം ഒരേ പോസിൽ ഇരിക്കുകയോ, നടുവിന് സമ്മർദം നൽകുന്ന രീതിയിൽ ഇരിക്കുകയോ ഒക്കെ ചെയ്യുന്നവരാണ്. ഫലമോ ഇടയ്ക്കിടെ വരുന്ന നടുവേദനയും. പോസ്ചർ ശരിയാക്കുകവഴി പുറത്തെ പേശികൾക്കും ഡിസ്ക്കിനുമൊക്കെയുണ്ടാകുന്ന സമ്മർദം കുറയ്ക്കാവുന്നതാണ്. നിവർന്നുതന്നെ ഇരിക്കാനും നിൽക്കാനും ശ്രദ്ധിക്കുക. ചുമലുകളും അരക്കെട്ടുമൊക്കെ നിവർന്നുതന്നെയിരിക്കണം. മുൻവശത്തേക്കോ പുറകിലേക്കോ ഒക്കെ വളഞ്ഞിരിക്കുന്ന രീതിയും ഒഴിവാക്കണം.
വ്യായാമം പ്രധാനം
പല ആരോഗ്യപ്രശ്നങ്ങൾക്കും പിന്നിലെ കാരണങ്ങളിലൊന്നായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് വ്യായാമമില്ലായ്മയാണ്. നടുവേദന പോലുള്ള ശരീരവേദനകൾക്കും വ്യായാമം ശീലമാക്കുന്നത് ഒരു പരിഹാരമാണ്. വ്യായാമം പുറംപേശികളെ ശക്തിപ്പെടുത്തുകയും മെയ്വഴക്കം നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. വ്യായാമം ശീലമാക്കുകവഴി ശരീരഭാരം കുറയുന്നതും പുറംവേദനയ്ക്ക് പരിഹാരമാകും.
ഭാരം കുറയ്ക്കാം
പുറംവേദന പരാതിയായി പറയുന്നവരിലേറെയും അമിതവണ്ണം മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. വണ്ണംകൂടുന്നത് നട്ടെല്ലിനും പുറത്തെ പേശികൾക്കും സമ്മർദം നൽകുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും തുടർന്ന് വണ്ണംകുറയ്ക്കുന്നതിലൂടെ പുറംവശത്തിനുള്ള സമ്മർദം കുറയ്ക്കാവുന്നതും നടുവേദന കുറയ്ക്കാവുന്നതുമാണ്.
ഉറങ്ങുന്ന രീതിയും പ്രധാനം
നന്നായി ഉറങ്ങണമെന്നു മാത്രമല്ല ഉറക്കത്തിന്റെ രീതിയും നടുവേദന അകറ്റുന്നതിൽ പ്രധാനമാണ്. നട്ടെല്ലിന് സമ്മർദം നൽകാത്ത രീതിയിലുള്ള കിടക്കയും തലയിണയും തിരഞ്ഞെടുക്കണം. കമിഴ്ന്നുകിടക്കുന്ന ശീലവും ഒഴിവാക്കണം, ഇതും നട്ടെല്ലിന് സമ്മർദമേകും.
മാനസികാരോഗ്യം കാക്കണം
മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും നടുവേദന പരിഹരിക്കപ്പെടുന്നതിൽ പ്രധാനമാണ്. മാനസികസമ്മർദം കൂടുന്നത് മസിലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ശരീരവേദനയ്ക്ക് കാരണമാവുകയും ചെയ്യും.
ഇടയ്ക്കിടെ നടക്കാം
ഓഫീസ് ജോലിക്കാരിൽ പലരും നടുവേദനയുമായി ജീവിക്കുന്നവരാണ്. ദീർഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നതിലാണ് പലതിനും പിന്നിൽ. ഒരിടത്ത് ദീർഘസമയം ചടഞ്ഞുകൂടി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കാം. ഇത് പുറംഭാഗത്തിനു നൽകുന്ന സമ്മർദം കുറയ്ക്കും.
പുകവലി ഉപേക്ഷിക്കാം
പുകവലി ശീലവും പുറംവേദനയും തമ്മിലും അഭേദ്യമായ ബന്ധമുണ്ട്. പുകവലി ശീലമായിട്ടുള്ളവരിൽ ഡിസ്ക്കുകളിലേക്കുള്ള രക്തചംക്രമണം തടസ്സപ്പെടും. കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും അസ്ഥികളുടെ വളർച്ച തടസ്സപ്പെടുത്തുതയും ചെയ്യും. അസ്ഥികളുടെ ആരോഗ്യം നശിക്കാനും ക്ഷയിക്കാനും കാരണമാകും.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ രീതികൾ പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കിൽ വിദഗ്ധചികിത്സ തേടേണ്ടത് പ്രധാനമാണ്. എക്സ്-റേ, എം.ആര്.ഐ.സ്കാനുകളാണ് ഈഘട്ടത്തില്‍ രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്നത്.