ജിദ്ദ: ദീർഘനാൾ ജിദ്ദയിൽ പ്രവാസിയും അബീർ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപക അംഗവും സർജനുമായിരുന്ന മലപ്പുറം കക്കാട് സ്വദേശി ഡോ. അബ്ദുറഹ്മാൻ അമ്പാടി (68) നാട്ടിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മരണം. നിലവിൽ കാലിക്കറ്റ് സെൻ്റർ ഫോർ സർജറി ഉടമയാണ്. തിരൂരങ്ങാടി എം.കെ ഹാജി മെമ്മോറിയൽ, കീഴിശ്ശേരി അബീർ, എടക്കര ഏറനാട്, ചെമ്മാട് ലൈലാസ്, കോട്ടക്കൽ നേഹ, വേങ്ങര നഴ്സിംങ് ഹോം തുടങ്ങിയ ആശുപത്രികളിൽ സേവനം ചെയ്തുവരികയായിരുന്നു. അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ സംഘടനയിൽ അംഗമായ ഇദ്ദേഹം 20,000 ത്തിലധികം ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകൾ നടത്തി റെക്കോർഡുള്ളയാളാണ്.
പ്രവാസ ജീവിതത്തിലും തുടർന്ന് നാട്ടിലും സാമൂഹിക, സാംസ്കാരിക, കലാരംഗത്ത് നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം കക്കാട് ജിദ്ദ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പൂർവവിദ്യർത്ഥി സംഘടന ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിരുന്നു. കക്കാട് കളത്തിൽതൊടുവിൽ അങ്കൺവാടിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകി ഡോ. അബ്ദുറഹ്മാൻ അമ്പാടി മാതൃകയായിരുന്നു.
കക്കാട് മഹല്ല് മുൻ പ്രസിഡൻ്റ് പരേതനായ അമ്പാടി പോക്കരുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: ഹസീന, മക്കൾ: ഡോ.റൂഹി, സഹ് ല, ലുഖ്മാൻ, അസ്മ, മരുമക്കൾ: ഡോ. അനീസ്, ഡോ. സലീം, സഹോദരങ്ങൾ: ഡോ. അബ്ദുൽ അസീസ്, അബ്ദുലത്തീഫ്, സലീം, ഖദീജ, ആയിശ, ഹലീമ. തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിനും തറവാട് വീട്ടിലെ ദർശനത്തിനും ശേഷം മൃതദേഹം ഇന്ന് രാത്രി എട്ട് മണിക്ക് കക്കാട് ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കും.
ജിദ്ദയിൽ ഉണ്ടായിരിക്കെ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ പ്രവാസികൾക്കും സ്വദേശികൾക്കും ഇദ്ദേഹത്തിന്റെ സേവനം ഏറെ ഉപകാരപ്രദമായിരുന്നു. ഡോ. അബ്ദുറഹ്മാൻ അമ്പാടിയുടെ നിര്യാണത്തിൽ അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ് അനുശോചിച്ചു. 1999 ൽ സൗദിയിൽ അബീർ മെഡിക്കൽ ഗ്രൂപ്പ് കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയായ ഡോ. അബ്ദുറഹ്മാൻ അമ്പാടി സ്ഥാപനത്തിന്റെ വിജയ ശില്പികളിൽ ഒരാളായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ന് രാത്രി ഇശാ നമസ്കാര ശേഷം ശറഫിയ അബീർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ ഡോക്ടർക്കു വേണ്ടിയുള്ള പ്രാർഥനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് അബീർ ഗ്രൂപ്പ് മാനേജ്മെൻറ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു