മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞ് ഒരു റിയാലിന് 215 രൂപ എന്ന നിരക്കിലെത്തി. ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപ ശക്തമായതാണ് വിനിമയ നിരക്ക് കുറയാൻ കാരണം. ഡോളറിന്റെ വില വെള്ളിയാഴ്ച ഏഴ് പൈസ കുറഞ്ഞിരുന്നു. ഒരു ഡോളറിന് 82.98 പൈസയായിരുന്നു വ്യാഴാഴ്ചത്തെ വില. വെള്ളിയാഴ്ച ഏഴു പൈസ കുറഞ്ഞ് 82.91 രൂപയിലെത്തി. ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ നിരവധി കാരണങ്ങളുണ്ട്. പുതിയ ഇന്ത്യൻ ബജറ്റിൽ ആഭ്യന്തര കറൻസി ശക്തിപ്പെടുത്താനുള്ള നിരവധി നിർദേശങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഓഹരി വിപണി ശക്തിപ്പെടുകയും വിദേശ നിക്ഷേപകരുടെ ഒഴുക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ ഡോളർ ശക്തി കുറഞ്ഞതോടെ മറ്റു രാജ്യങ്ങളുടെ കറൻസിയും ശക്തിപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച 1000 രൂപക്ക് 4.650 റിയാൽ എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങൾ ഈടാക്കിയത്. ശനി, ഞായർ ദിവസങ്ങളിൽ ഇതേ നിരക്ക് തന്നെ തുടരും. കഴിഞ്ഞ വർഷം സെപ്റ്റംബർ 13 ശേഷമുള്ള ഏറ്റവും കുറഞ്ഞ വിനിമയ നിരക്കാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 13ന് റിയാലിന്റെ വിനിമയ നിരക്ക് 214.40 രൂപ വരെ താഴ്ന്നിരുന്നു. പിന്നീട് നിരക്ക് ഉയർന്ന് കഴിഞ്ഞ നവംബർ 28 ന് 216.40 രൂപവരെ ആയിരുന്നു. എന്നാൽ, പിന്നീട് വിനിമയ നിരക്ക് കുറഞ്ഞു. കഴിഞ്ഞ മാസം 15ന് റിയാലിന് 215.10 ൽ എത്തിയിരുന്നു. പിന്നീട് വിനിമയ നിരക്ക് വർധിച്ച് കഴിഞ്ഞ മാസം 22ന് 215.80 രൂപ വരെ എത്തിയിരുന്നു.
വിനിമയ നിരക്ക് കുറയുന്നത് കൂടുതൽ വലിയ സംഖ്യ നാട്ടിലേക്ക് അയക്കുന്നവരെയാണ് കാര്യമായി ബാധിക്കുക. ഇത്തരക്കാരിൽ പലരും പണം അയക്കാതെ നല്ല നിരക്കിനായി കാത്തിരിക്കുകയാണ് ചെയ്യുക. അതിനാൽ വിനിമയ നിരക്ക് കുറയുന്നതോടെ വൻ സംഖ്യ നാട്ടിലേക്ക് അയക്കുന്നവരുടെ തിരക്ക് കുറയും. എന്നാൽ മാസാന്ത ചെലവുകൾക്കായി നാട്ടിലേക്ക് ചെറിയ സംഖ്യ അയക്കേണ്ടി വരുന്നവർക്ക് വലിയ വ്യത്യാസമൊന്നും ഉണ്ടാവില്ല. അതിനാൽ ഇത്തരം വ്യതിയാനങ്ങൾ സാധാരണക്കാരെ കാര്യമായി ബാധിക്കില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു