മസ്കത്ത്: ഷാർജയിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ പാരാ ഗെയിംസിൽ മിന്നുന്ന പ്രകടനവുമായി ഒമാൻ താരങ്ങൾ. കഴിഞ്ഞ ദിവസം പുതിയ 12 മെഡലുകളാണ് താരങ്ങൾ നേടിയത്. മൂന്നു സ്വർണവും ആറു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ ഗെയിംസിലെ ഒമാന്റെ മെഡലുകളുടെ എണ്ണം 24 ആയി.
ഷോട്ട്പുട്ടിൽ 9.60 മീറ്റർ എറിഞ്ഞ് മുഹമ്മദ് അൽ മഷൈഖിയും ഡിസ്കസ് ത്രോ എഫ് 56 ൽ 28.57 മീറ്റർ ദൂരം താണ്ടി താലിബ് അൽ ബലൂഷിയും ലോങ്ജമ്പിൽ 4.88 മീറ്റർ ചാടി താഹ അൽ ഹരാസിയുമാണ് ഒമാനുവേണ്ടി ആറാം ദിനത്തിൽ സ്വർണം നേടിയത്.
കൂടാതെ, ഷോട്ട്പുട്ടിൽ മുഹമ്മദ് അൽ ഖാസിമി, ജാവലിൻ ത്രോയിൽ എഫ് 54 ൽ ഫൗസി ബിൻ സലേം അൽ ഹബിഷി, 200 മീറ്റർ ഡാഷിൽ സെയ്ഫ് അൽ മുഖിബ്ലി, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ എന്നിവയിൽ റയ്യാഹ് അൽ അബ്രിയ, ജാവലിൻ ത്രോയിൽ ഇമാൻ അൽ ഷംസിയ വെള്ളിമെഡലും കരസ്ഥമാക്കി. ജാവലിൻ ത്രോയിലും ഡിസ്കസ് ത്രോയിലും ശൈഖ അൽ ഹമാദിയയും ലോങ്ജമ്പിൽ ഖുസെ അൽ റവാഹി വെങ്കല മെഡലുകളും നേടി.
ടീമിന്റെ പ്രകടനത്തിൽ വളരെ സന്തോഷമുണ്ടെന്ന് പശ്ചിമേഷ്യൻ പാരാ ഗെയിംസിലെ ഒമാനി പ്രതിനിധി സംഘത്തിന്റെ തലവൻ മൻസൂർ ബിൻ സുൽത്താൻ അൽ തൗഖി പറഞ്ഞു.
സാംസ്കാരിക, കായിക, യുവജന മന്ത്രാലയം, ഒ.ക്യൂ കമ്പനി എന്നിവയുൾപ്പെടെ വിവിധ പങ്കാളികളിൽ നിന്നുള്ള പിന്തുണക്ക് നന്ദി പറയുകയും അത്ലറ്റുകളുടെ അർപ്പണബോധത്തെയും സഹിഷ്ണുതയെയും അഭിനന്ദിക്കുയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു