മസ്കത്ത്: പ്രഥമ നിക്ഷേപ ഫോറം ദാഖിലിയ ഗവർണറേറ്റ് മനഅ വിലായത്തിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നടന്നു. ‘ആകർഷകമായ നിക്ഷേപ അന്തരീക്ഷത്തിലേക്കുള്ള വാഗ്ദാനങ്ങൾ’’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ 270 നിക്ഷേപകർ പങ്കെടുത്തു.
ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദിയുടെ മേൽനോട്ടത്തിൽ ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രിയുടെ സാന്നിധ്യത്തിലായിരുന്നു ഫോറം. 2023 ജൂണിൽ നടന്ന ഇൻവെസ്റ്റ്മെന്റ് ഫോറം തയ്യാറാക്കൽ ശിൽപശാലയുടെ ഫലമായുണ്ടായ ചർച്ച സെഷനുകൾ, നിക്ഷേപ ആശയങ്ങൾ, നിർദേശങ്ങൾ എന്നിവയുടെ തുടർച്ചയാണ് ഫോറം.
പ്രധാന സർക്കാർ ഏജൻസികളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച്, വിവിധ മേഖലകളിലെ നൂറിലധികം നിക്ഷേപ സാധ്യതകൾ വിലയിരുത്താനാണ് ദാഖിലിയ ഇൻവെസ്റ്റുമെന്റ് ഫോറം ലക്ഷ്യമിട്ടത്. ഗവർണറേറ്റിന്റെ നേട്ടം പ്രയോജനപ്പെടുത്തി, സാമ്പത്തിക ലാഭം വർധിപ്പിക്കുന്നതിനായി പ്രോജക്ടുകൾ സ്ഥാപിക്കാനും വിപുലീകരിക്കാനും നിക്ഷേപകരെ അനുവദിച്ചു നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഗവർണറേറ്റിലെ ആദ്യത്തെ സാമ്പത്തിക പരിപാടിയായാണ് ഫോറത്തെ കണക്കാക്കുന്നതെന്ന് ശൈഖ് ഹിലാൽ പറഞ്ഞു. നിക്ഷേപകരെയും സർക്കാർ ഏജൻസികളെയും സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ടവരെയും ഒരു സ്ഥലത്തുഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഫോറം എന്നാണ് ഞങ്ങൾ ഇതിനെ വിളിച്ചത്. എല്ലാ ലൈസൻസുകളും സുരക്ഷിതമാക്കാൻ നിക്ഷേപകൻ പാലിക്കേണ്ട നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബോധന ചെയ്തു. ഗവർണറേറ്റിന്റെ നിക്ഷേപ സാധ്യതകളും സൗകര്യങ്ങളും, ഇൻസെന്റീവ്, സൗകര്യങ്ങൾ, ബാങ്കിങ് പാക്കേജുകൾ എന്നിവയും നിക്ഷേപകർക്ക് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫോറത്തിൽ നിരവധി ഉപഭോക്തൃ കരാറുകളിലും ഒപ്പുവച്ചു നിരവധി സംരംഭകരുടെ അനുഭവങ്ങളുടെ ദൃശ്യ അവതരണങ്ങളും ഫോറത്തിൽ ഉൾപ്പെടുത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു