മസ്കത്ത്: കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ദാഹിറ ഗവർണറേറ്റിൽ 37 ഫലജുകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി.
ഗവർണറേറ്റിലെ കൃഷി, ഫിഷറീസ്, ജലവിഭവ ഡയറക്ടറേറ്റ് ജനറൽ ഒക്ടോബർ വരെ മൂന്ന് വിലായത്തുകളിലായാണ് ഇത്രയും ഫലജുകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണവും പൂർത്തിയാക്കിയത്. കൂടുതൽ ഫലജുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ജലസ്രോതസ്സുകൾ വർധിപ്പിക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും സേവനം നൽകുന്നത് ലക്ഷ്യമിട്ട് ഫലജുകളുടെ സർവേക്കായി മന്ത്രാലയം ഒരു ടീമിന് രൂപം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
പുനഃസ്ഥാപിച്ച 37 ഫലജുകളിൽ 20 എണ്ണം ഇബ്രിയിലും പത്ത് എണ്ണം ധങ്കിലും ഏഴെണ്ണം നഖിലിലുമാണ്.
കർഷകരെ സഹായിക്കാനും ജലസേചന സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് ഫലജ് പുനരുദ്ധാരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാലങ്ങളായി ഒമാനികൾ ജലസേചനത്തിനായി ആശ്രയിക്കുന്ന പരമ്പരാഗത ജലസ്രോതസ്സാണ് ഫലജ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും ജലശാസ്ത്രപരവുമായ സവിശേഷതകൾ അനുസരിച്ച് ഓേരാ ഫലജും വ്യത്യാസപ്പെട്ടിരിക്കും. ഒമാനിലെ 11 ഗവർണറേറ്റുകളിലായി 4,112 ഫലജുകളാണുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു