ദോഹ: മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പ് വിജയികൾക്കുള്ള മെഡലുകളിലുമുണ്ട് ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ. വെള്ളിയാഴ്ച തുടക്കം കുറിച്ച് ജനുവരി 18 വരെ നീണ്ടു നിൽക്കുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണം, വെള്ളി, വെങ്കല മെഡലുകളിൽ ആലേഖനം ചെയ്തിരിക്കുന്നത് ഖത്തറിന്റെ സമ്പന്നമായ സമുദ്ര പൈതൃകമാണ്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് വേൾഡ് അക്വാട്ടിക് ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് നൽകുന്ന മെഡലുകൾ സംഘാടകർ പുറത്തുവിട്ടത്.200ൽ ഏറെ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 2600ലധികം അത്ലറ്റുകളാണ് 75 ഇനങ്ങളിലായി ദോഹയിൽ മത്സരിക്കാനിറങ്ങുന്നത്.ഖത്തറിന്റെ സമുദ്ര പൈതൃകവും സമുദ്രവുമായി ഖത്തറിനുണ്ടായിരുന്ന ദൃഢമായ ബന്ധത്തെയും അടയാളപ്പെടുത്തുന്നതാണ് മെഡലുകൾ. സ്വർണം, വെള്ളി, വെങ്കല മെഡലുകളിൽ ഖത്തറിന്റെ പരമ്പരാഗത പായ്ക്കപ്പലുകളും ചിപ്പിയും മുത്തും ആലേഖനം ചെയ്തിട്ടുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നുള്ള മുത്ത് വാരലിനും സമുദ്ര ജീവിതവുമായുള്ള രാജ്യത്തിന്റെ ബന്ധത്തിന് നൽകുന്ന ആദര സൂചകമായാണ് മെഡലുകളിലെ അടയാളങ്ങൾ. പ്രാദേശികമായി പുനരുൽപാദിപ്പിക്കപ്പെട്ട ലോഹത്തിൽ നിർമിക്കപ്പെട്ടതിനാൽ സുസ്ഥിരതയിൽ സംഘാടകർ ശ്രദ്ധ ചെലുത്തുന്നുവെന്നതിന്റെ സൂചനയാണ്.
കൂടാതെ രാജ്യത്തിന്റെ ഭൂപ്രദേശത്തെയും മെഡലുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ജലത്തിന്റെയും മരുഭൂമിയുടെയും സംഗമവും സമുദ്ര ജീവികൾ, ആധുനിക ദോഹ നഗരത്തിന്റെ സ്കൈലൈൻ, പഴയ നഗരം എന്നിവയും മെഡലുകളിൽ ചേർക്കപ്പെട്ട ചിഹ്നങ്ങളിൽ ഉൾപ്പെടും.ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് ലോക ചാമ്പ്യൻഷിപ്പിനായി മെഡലുകൾ തയാറാക്കിയിരിക്കുന്നതെന്നും അത് ജേതാക്കൾക്ക് സമ്മാനിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി ശൈഖ അസ്മ ബിൻത് ഥാനി ആൽഥാനി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു