ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിനിടയിൽ ക്ഷേമ, നിയമകാര്യ മേഖലകളിലെ സജീവ സാന്നിധ്യമായി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) നാൽപതാം വാർഷികത്തിന്റെ ഭാഗമായി പ്രമുഖ അഭിഭാഷകർ അടങ്ങുന്ന ലീഗൽ സെല്ലിന് തുടക്കം കുറിച്ചു. ഖത്തറിലെ ഇന്ത്യൻ അഭിഭാഷകരുടെ കൂട്ടായ്മയായ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം, ഖത്തറുമായി സഹകരിച്ചാണ് വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ഒമ്പത് പേരടങ്ങുന്ന അഭിഭാഷക പാനൽ ഐ.സി. ബി.എഫ് പ്രഖ്യാപിച്ചത്.
ഖത്തറിലെ ഇന്ത്യക്കാർക്ക്, അവരുടെ നിയമപരമായ പ്രശ്നങ്ങൾക്ക് സൗജന്യമായി നിയമോപദേശം നൽകാൻ ലക്ഷ്യമാക്കിയുള്ള ഐ.സി.ബി.എഫ് ലീഗൽ സെൽ, എല്ലാ ഞായർ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 6.30 മുതൽ തുമാമയിലെ ഐ.സി.ബി.എഫ് ഓഫിസിൽ പ്രവർത്തിക്കും. മുൻകൂട്ടി ബുക്ക് ചെയ്ത് ഇതിൽ പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ലീഗൽ സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.ബി.എഫ് കോർഡിറ്റിങ് ഓഫിസറും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെ സന്നിഹിതനായിരുന്നു.
പ്രവാസികൾക്ക് നിയമസഹായം ലഭ്യമാക്കുന്നതുവഴി, അവരുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിലും ഉന്നമനത്തിനും വളർച്ചക്കും ഏറെ സഹായകരമാകുമെന്നും ഇക്കാര്യത്തിൽ ഐ.സി.ബി.എഫ് നിർവഹിക്കുന്നത് വേറിട്ട പ്രവർത്തനമാണെന്നും അംബാസഡർ പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യൻ എംബസിക്ക് ഐ.സി.ബി.എഫ് നൽകുന്ന പിന്തുണ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷനായിരുന്നു. ഖത്തറിലെ എല്ലാ വിഭാഗത്തിലുംപെട്ട ഇന്ത്യൻ സമൂഹത്തിന് വിവിധ മേഖലകളിൽ സഹായം എത്തിക്കുന്നതിനുള്ള ഐ.സി.ബി.എഫിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു.ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾക്കിടയിൽ നടന്ന മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 40ാം വാർഷിക ലോഗോയും ടാഗ്ലൈനും അംബാസഡർ വിപുൽ അനാച്ഛാദനം ചെയ്തു.
ലോഗോ മത്സര വിധികർത്താക്കളെയും അദ്ദേഹം ചടങ്ങിൽ അനുമോദിച്ചു. വിജയികളായ അഹമ്മദ് നൗഷാദ് (ലോഗോ), എ ഖാജാ മൊഹിദീൻ (ടാഗ്ലൈൻ) എന്നിവരെ പിന്നീട് നടക്കുന്ന ചടങ്ങിൽ ആദരിക്കും.ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി ലീഗൽ സെൽ പാനൽ അംഗങ്ങളെ പരിചയപ്പെടുത്തി. ഇന്ത്യൻ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് അഡ്വ. ഹബീബ് റഹ്മാൻ പി. ടി, ലീഗൽ സെൽ ചെയർമാൻ അഡ്വ. എം. ജാഫർഖാൻ തുടങ്ങിയവർ സംസാരിച്ചു. ‘ഖത്തർ, ഇന്ത്യൻ നിയമവ്യവസ്ഥകൾ -ഒരു താരതമ്യം’എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. അനീസ് കരീം സംസാരിച്ചു.ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ എസ്.എ.എം ബഷീർ, അംഗം ഹരീഷ് കാഞ്ചാണി, ഐ.സി.ബി.എഫ് മുൻ പ്രസിഡന്റുമാരായ പി എൻ ബാബുരാജൻ, സിയാദ് ഉസ്മാൻ, മറ്റ് അപെക്സ് ബോഡി ഭാരവാഹികൾ, വിവിധ സംഘടന പ്രതിനിധികൾ അടക്കം ഒട്ടനവധി പേർ ചടങ്ങിൽ പങ്കെടുത്തു.
സറീന അഹദ് നന്ദി പറഞ്ഞു. ഐ.സി.ബി.എഫ് ട്രഷറർ കുൽദീപ് കൗർ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുൾ റഊഫ് കൊണ്ടോട്ടി, ശങ്കർ ഗൗഡ്, കുൽവീന്ദർ സിങ്, സമീർ അഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു