കുവൈത്ത്സിറ്റി: ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകി വാരാണസി ജില്ല കോടതി നടത്തിയത് നീതി രഹിതമായ വിധി പ്രസ്താവമാണെന്ന് കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് പ്രസിഡന്റ് പി.ടി. ശരീഫ് അഭിപ്രായപ്പെട്ടു. 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണ് ഇത്.
ബാബരിക്ക് ശേഷം കാശിയിലെയും മധുരയിലെയും പള്ളികൾ പിടിച്ചടക്കാനുള്ള സംഘ് പരിവാർ നീക്കത്തിന് കോടതി വിധി ശക്തി പകരും. രാജ്യത്തെ പ്രബലമായ ഒരു ജനവിഭാഗത്തന്റെ മൗലികാവകാശങ്ങളാണ് ധ്വംസിക്കപ്പെട്ടിരിക്കുന്നത്. മുസ്ലിംകൾക്കെതിരെ നടക്കുന്ന ആസൂത്രിതമായ വംശീയ നീക്കങ്ങളിൽ കൃത്യമായ നിലപാടെടുക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മുസ്ലിം സമുദായ നേതൃത്വത്തിന്റെയും നിലപാട് ആശങ്കയുണ്ടാക്കുന്നതും അപകടകരവും വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്നതുമാണ്. മതേതര മൂല്യങ്ങളും ഭരണഘടന തത്ത്വങ്ങളും ഉയർത്തിപ്പിടിക്കാൻ ഭരണകൂടവും നിയമ സംവിധാനങ്ങളും ധീരമായി മുന്നോട്ടുവരണം. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രാഷ്ട്രീയ ലാഭങ്ങൾക്കപ്പുറം വിവേചനം നേരിടുന്ന ജന വിഭാഗത്തെ കൂടെനിർത്താൻ തയാറാകണം.
വർഗീയവും വംശീയവുമായ ഫാഷിസ്റ്റ് ഭീകരതയെ ധീരമായി അഭിമുഖീകരിക്കാനും അതിജീവിക്കാനും ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള സമൂഹത്തെയാണ് രാജ്യം കാത്തിരിക്കുന്നതെന്നും പി.ടി. ശരീഫ് അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു