കുവൈത്ത് സിറ്റി: പാൻ-അറബ് സ്പൈൻ സൊസൈറ്റി (പാസ്) ചെയർമാനായി കുവൈത്ത് സർജൻ ഡോ.അബ്ദുൽ റസാഖ് അൽ ഉബൈദിനെ തിരഞ്ഞെടുത്തു.
ആദ്യമായാണ് ഒരു കുവൈത്ത് സർജൻ ഈ സ്ഥാനം വഹിക്കുന്നത്. പതിമൂന്നാം രാജ്യാന്തര സ്പൈൻ കോൺഫറൻസിന്റെ ഭാഗമായി കുവൈത്തിൽ നടന്ന പൊതുസമ്മേളനത്തിൽ എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ് നടന്നത്. അറബ് ലീഗിന്റെയും അറബ് ഹെൽത്ത് മിനിസ്റ്റേഴ്സ് കൗൺസിലിന്റെയും കുടക്കീഴിൽ പ്രവർത്തിക്കുന്നതാണ് പാസ്.
സ്പൈൻ സർജറി മേഖലയിലുൾപ്പെടെ അറബ് മേഖലയിലെ മെഡിക്കൽ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കർമപദ്ധതി സൊസൈറ്റി രൂപപ്പെടുത്തിയതായി ഡോ. അൽ ഉബൈദ് പറഞ്ഞു. പരിശീലന പരിപാടികൾ സംഘടിപ്പിക്കൽ, ശാസ്ത്രീയ ഗവേഷണങ്ങളുടെ പ്രസിദ്ധീകരണം, രാഷ്ട്രീയ അസ്ഥിരത അനുഭവിക്കുന്ന രാജ്യങ്ങളിൽ ശസ്ത്രക്രിയാ വിദ്യകൾ നവീകരിക്കൽ എന്നിവയടക്കം നിരവധി പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. അറബ് ശസ്ത്രക്രിയാ വിദഗ്ധർക്കായി ശാസ്ത്രീയ കോൺഫറൻസുകൾ സംഘടിപ്പിക്കാനും നട്ടെല്ല് ശസ്ത്രക്രിയയെക്കുറിച്ചുള്ള സ്കോളർഷിപ്പ് പ്രോഗ്രാം തയാറാക്കാനും പദ്ധതിയുണ്ടെന്നും ഡോ. അൽ ഉബൈദ് കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു