കൊച്ചി: നിയമസഹായം തേടിയെത്തിയ കോളജ് വിദ്യാർഥിനിയെ ഹൈക്കോടതി മുൻ ഗവൺമെന്റ് പ്ലീഡർ പി.ജി.മനു പീഡിപ്പിച്ചെന്ന കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. മനുവിന്റെ ജൂനിയർ അഭിഭാഷകൻ ജോബി, ഡ്രൈവർ എൽദോസ് എന്നിവരാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് അറസ്റ്റ്.
മനു കഴിഞ്ഞദിവസം പുത്തൻകുരിശ് ഡിവൈഎസ്പിയുടെ ഓഫിസിലെത്തി കീഴടങ്ങിയിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും മനുവിനു മുൻകൂർജാമ്യം നിഷേധിച്ചിരുന്നു.
കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്നു മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ പോലീസിൽ കീഴടങ്ങി. ഹൈക്കോടതിക്കുപിന്നാലെ സുപ്രീംകോടതിയും മുൻകൂർജാമ്യത്തിനുള്ള അപേക്ഷ തള്ളിയതോടെ ബുധനാഴ്ച എട്ടുമണിക്കാണ് പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെത്തി ഡിവൈ.എസ്.പി. എ.കെ. വിശ്വനാഥനു മുമ്പിൽ കീഴടങ്ങിയത്.
ഒരു കേസിൽ നിയമോപദേശം തേടാൻ കുടുംബത്തോടൊപ്പം എത്തിയപ്പോൾ പരാതിക്കാരിയുമായി സൗഹൃദംസ്ഥാപിച്ച് കൊച്ചിയിലെ ഓഫീസിലും യുവതിയുടെ വീട്ടിലുംവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതി എറണാകുളം റൂറൽ എസ്.പി.ക്ക് നൽകിയ പരാതിയിലാണ് ചോറ്റാനിക്കര പോലീസ് കേസെടുത്തിരുന്നത്.
അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. ഗവ.പ്ലീഡർ പെൺകുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്.