ദുബൈ: യാത്രക്കാരുടെ എണ്ണം വർധിച്ച ദുബൈ വിമാനത്താവളത്തിൽ കൂടുതൽ ടാക്സികൾ ഏർപ്പെടുത്തി ദുബൈ ടാക്സി കമ്പനി (ഡി.ടി.സി). നിലവിലുള്ളതിന്റെ ഇരട്ടി വാഹനങ്ങളാണ് യാത്രക്കാർക്ക് വേണ്ടി ഏർപ്പെടുത്തുന്നത്. നിലവിൽ 350 ടാക്സികളാണുള്ളത്. പുതിയ നടപടിയോടെ ടാക്സികളുടെ എണ്ണം 700 ആകും. പുതുതായി ഏർപ്പെടുത്തുന്ന വാഹനങ്ങളെല്ലാം പരിസ്ഥിതി സൗഹൃദ ടാക്സികളായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ദുബൈയിൽ എത്തുന്ന താമസക്കാരുടെയും സന്ദർശകരുടെയും യാത്ര സൗകര്യപ്രദമാക്കുന്നത് ലക്ഷ്യമിട്ടാണ് ഡി.ടി.സി പദ്ധതി നടപ്പാക്കുന്നത്. എമിറേറ്റിൽ നടക്കുന്ന അന്താരാഷ്ട്ര പരിപാടികളുടെ എണ്ണം വർധിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്. എയർപോർട്ട് ടാക്സി സേവനം ദുബൈ വിമാനത്താവളങ്ങളിലും പോർട്ട് റാശിദിലുമാണ് നിലവിൽ ലഭിക്കുന്നത്. യു.എ.ഇയിൽ മുഴുവൻ ഭാഗങ്ങളിലേക്കും ദിവസം മുഴുവൻ സേവനം ലഭിക്കുകയും ചെയ്യും.
മികച്ച ജീവനക്കാരുടെ സേവനം ഉപഭോക്താക്കൾക്ക് യാത്ര വളരെ എളുപ്പവും സുഗമവുമാക്കും. പുതിയ വാഹനങ്ങൾകൂടി ഉൾപ്പെടുത്തിയതോടെ ഡി.ടി.സി മേഖലയിലെ തന്നെ ഏറ്റവും വലിയ ടാക്സി സേവനദാതാക്കളാകും. ആകെ 5,566 ടാക്സികളാണ് കമ്പനിക്ക് കീഴിലുള്ളത്. ഇത് ടാക്സി മേഖലയിലെ 45 ശതമാനം വരും.
കൂടുതൽ ടാക്സികൾ ഏർപ്പെടുത്തിയത് വിമാനത്താവളങ്ങളിൽ ടാക്സി സേവനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യംവെച്ചാണെന്ന് ഡി.ടി.സി സി.ഇ.ഒ മൻസൂർ റഹ്മ അൽ ഫലാസി പറഞ്ഞു. ഇത് യാത്രക്കാരുടെ കാത്തുനിൽപ്പ് സമയം കുറക്കുകയും അതിവേഗ സേവനം ലഭ്യമാക്കുകയും ചെയ്യും. ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനമുറപ്പിക്കുന്നതിന് ആവശ്യമായ നടപടികളൊന്നും കമ്പനി പാഴാക്കില്ല -അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം 8.8 കോടി യാത്രക്കാർ ദുബൈ വിമാനത്താവളം വഴി സഞ്ചരിക്കുമെന്ന് പ്രവചിക്കപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതൽ വാഹനങ്ങൾ ഏർപ്പെടുത്തി മുന്നോട്ടുപോകുന്നതെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ബഹ്റോസിയൻ പറഞ്ഞു.
വിപുലവും പരിസ്ഥിതി സൗഹൃദവുമായ ടാക്സി സേവനം, ആഡംബര അനുഭവത്തിനായി പരിചയസമ്പന്നരായ ഡ്രൈവർമാർ കൈകാര്യം ചെയ്യുന്ന വി.ഐ.പി ലിമോസിൻ സേവനം, സമഗ്രമായ ബസ് സർവിസുകൾ, കോർപറേറ്റ് ഡെലിവറി എന്നിങ്ങനെ സേവനങ്ങൾ ഡി.ടി.സി നൽകിവരുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു