ജിദ്ദ: നൂറ്റാണ്ടുകളായി മുസ്ലിംകൾ നമസ്കാരം നിർവഹിക്കുന്ന ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയ വരാണസി കോടതി വിധി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും രാജ്യത്ത് സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കാൻ പ്രചോദനം നൽകുന്നതാണെന്നും ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
രാജ്യത്ത് കലാപങ്ങൾ സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്ന ഫാഷിസ്റ്റ് ശക്തികൾക്ക് ജുഡീഷ്യറിയും സഹായം നൽകുന്ന ദയനീയാവസ്ഥയിലാണ് രാജ്യം എത്തിനിൽക്കുന്നത്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും 1947ലെ സ്ഥിതി നിലനിർത്തണമെന്ന് നിയമം പാസാക്കിയ രാജ്യത്ത് ഇത്തരം വിധികൾ വരുന്നത് ഭരണഘടനയോടും നീതിന്യായ വ്യവസ്ഥിതിയോടും ചെയ്യുന്ന പാതകമാണ്. റിട്ടയർമെൻറിെൻറ ദിവസങ്ങളിൽ പുറപ്പെടുവിക്കുന്ന ഇത്തരം വിധികളാണ് മുൻകാലങ്ങളിലും രാജ്യത്ത് കലാപങ്ങൾക്ക് വഴിമരുന്നിട്ടത്. രാജ്യത്തിെൻറ അഖണ്ഡതയും നിയമവ്യവസ്ഥിതികളെയും സംരക്ഷിക്കാനും സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കാനും ജനാധിപത്യവിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും ഐ.സി.എഫ് നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തിൽ ഹബീബ് അൽബുഖാരി അധ്യക്ഷത വഹിച്ചു. നിസാർ കാട്ടിൽ, ബഷീർ എറണാകുളം, ബഷീർ ഉള്ളണം, റഷീദ് സഖാഫി മുക്കം, സലിം പാലച്ചിറ തുടങ്ങിയവർ സംബന്ധിച്ചു. സിറാജ് കുറ്റ്യാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു