ദുബൈ: മികച്ച ഉപഭോക്തൃ സേവനത്തിന് ഹത്ത അതിർത്തിയിലെ ജി.ഡി.ആർ.എഫ്.എ കസ്റ്റമർ ഹാപ്പിനെസ് സെന്ററിന് സിക്സ് സ്റ്റാർ പദവി സമ്മാനിച്ചു.
അന്താരാഷ്ട്ര നിലവാരത്തിൽ സേവനങ്ങൾ നൽകി ഉപയോക്താക്കൾക്ക് സന്തുഷ്ടി സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ സർക്കാറിന്റെ ഗ്ലോബൽ സ്റ്റാർ റേറ്റിങ് പ്രോഗ്രാമിന്റെ ഭാഗമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹത്ത ബോർഡർ ഓഫിസിന് ആറ് സ്റ്റാർ പദവി സമ്മാനിച്ചത്.
എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുംസംബന്ധിച്ചു. 2023ൽ യാത്രക്കാരുടെ എണ്ണത്തിൽ ചരിത്രനേട്ടമാണ് ഹത്ത അതിർത്തി കൈവരിച്ചത്. ചരിത്രത്തിലാദ്യമായി നാല് ലക്ഷത്തിലധികം യാത്രക്കാരാണ് ഹത്ത അതിർത്തി വഴി രാജ്യത്തേക്ക് വന്നുപോയത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയേയും വകുപ്പിലെ മറ്റു ഉന്നതോദ്യോഗസ്ഥരെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.
അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജി.ഡി.ആർ.എഫ്.എ കസ്റ്റമർ ഹാപ്പിനെസ് സെന്ററിന് ഫൈവ് സ്റ്റാർ റേറ്റിങ്ങും നൽകി. സമൂഹത്തിന്റെ അടിസ്ഥാനഭാവം സന്തോഷമാണെന്ന തിരിച്ചറിവിലാണ് ഗ്ലോബൽ സ്റ്റാർ റേറ്റിങ് പദ്ധതി ആരംഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു