ദുബൈ: യു.എ.ഇയിൽ വ്യാപകമായി വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിച്ചു. അജ്മാൻ ഒഴികെ ആറു എമിറേറ്റിലാണ് മിന്നലോട് കൂടിയ മഴ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം) അറിയിച്ചു. ചില പ്രദേശങ്ങളിൽ 55 കി.മീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് എൻ.സി.എം മുന്നറിയിപ്പ് നൽകി. ദുബൈയിൽ അന്തരീക്ഷ താപനില 28 ഡിഗ്രിയും അബൂദബിയിൽ 29 ഡിഗ്രി സെൽഷ്യസിലുമെത്തി. ആകാശം മേഘാവൃതമായിരുന്നു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വടക്കൻ എമിറേറ്റുകളിൽ എൻ.സി.എം ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാവിലെ അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എമിറേറ്റുകളിലും ഉമ്മുൽ ഖുവൈനിലെ ചിലയിടങ്ങളിലുമാണ് മിന്നൽ ഉണ്ടായത്.
അബൂദബിയിൽ പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിവിധ സ്ഥലങ്ങളിൽ വേഗപരിധി കുറക്കുകയും ചെയ്തു. വടക്കൻ എമിറേറ്റിൽ അർധരാത്രിയോടെ കാറ്റിനും മഴക്കും ശമനമാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അനുമാനം. അതേസമയം, വാരാന്ത്യം മുഴുവൻ 60 കി.മീറ്റർ വേഗഡതതിൽ കാറ്റ് തുടരും. ഒമാൻ, അറേബ്യൻ കടലുകളിൽ സ്ഥിതി പ്രക്ഷുബ്ധമാണ്. തിങ്കളാഴ്ചയും 50 കി.മീറ്റർ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്.
റാസൽ ഖൈമയിൽ വെള്ളിയാഴ്ച പുലർച്ചെ 2.24 മുതൽ ശക്തമായ മഴ ലഭിച്ചതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു. ഉച്ചവരെ ആകാശം മേഘാവൃതവും ചെറിയ തോതിൽ കാറ്റുമുണ്ടായിരുന്നു. ചില റോഡുകളിൽ ദൃശ്യപരത തീരെ കുറയുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് വേഗപരിധി കുറച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.എ.ഇയിൽ അസ്ഥിര കാലാവസ്ഥ തുടരുകയാണ്. നേരിയ മഴ ലഭിക്കുന്നതിനാൽ തണുപ്പും കുറവാണ് അനുഭവപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു