റിയാദ്: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും പ്രവാസി ഇന്ത്യക്കാരുമുൾപ്പടെ ക്ഷണിക്കപ്പെട്ടവർക്കായി സ്വീകരണ പരിപാടിയും അത്താഴ വിരുന്നുമൊരുക്കി. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു.
റിയാദ് പ്രവിശ്യാഭരണകൂടത്തിലെ അണ്ടർ സെക്രട്ടറി ഫൈസൽ അൽസുദൈരി ചടങ്ങിൽ മുഖ്യാതിഥിയായി. ഔദ്യോഗിക പ്രഭാഷണം നടത്തിയ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാവുമെന്നും അമൃതകാലത്തിലേക്കുള്ള പ്രയാണത്തിലാണെന്നും പറഞ്ഞു. അതിനുവേണ്ടി ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളെയും ലക്ഷ്യങ്ങളെയും അദ്ദേഹം വിശദീകരിച്ചു.
സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക, സാമൂഹിക രംഗങ്ങളിലെ ഇന്ത്യയുടെ പുരോഗതിയെയും അംബാസഡർ സ്പർശിച്ചു. നിഖില മേഖലകളിലും ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിന്റെ വളർച്ചയെയും അതിന്റെ സ്വഭാവത്തെയും അംബാസഡർ ഒരു അവലോകനം നടത്തുകയും ചെയ്തു. തുടർന്ന് ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യങ്ങളുടെയും സംസ്കാരത്തിന്റെയും നിദർശനമായി ഗർബ നൃത്തം, യക്ഷഗാനം, ഒഡീസി നൃത്തം എന്നിവ റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ, ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ, മോഡേൺ മിഡിൽ ഈസ്റ്റ് സ്കൂൾ, റിയാദിലെ ഡി.ഒ.എം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. ഇന്ത്യൻ തുണിത്തരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ പ്രദർശനവും ഒരുക്കി.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുകയാണ്. ഇരുരാജ്യങ്ങളും തന്ത്രപ്രധാന പങ്കാളികളാണ്. കൂടാതെ 52 ശതകോടി ഡോളറിലധികം വ്യാപാരവുമായി ശക്തമായ വാണിജ്യ ബന്ധങ്ങളുമുണ്ട്. പ്രതിരോധം, നിക്ഷേപം, സംസ്കാരം തുടങ്ങിയ മേഖലകളിലെ ബഹുമുഖ പങ്കാളിത്തം ഉയരത്തിലായി.
നിരവധി മന്ത്രിതല സന്ദർശനങ്ങൾക്കും ഇരുവശത്തുമുള്ള ഉന്നതതല ഇടപെടലുകൾക്കും പുറമെ 2023-ൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്പര രാജ്യ സന്ദർശനങ്ങൾ നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു