ഞാൻ ചികിത്സിച്ചിട്ടുള്ള അനേകായിരം ആളുകൾ എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് – സർ എന്തുകൊണ്ടാണ് എനിക്കീ രോഗം വന്നത്? എന്തെങ്കിലും കാര്യത്തിൽ ശ്രദ്ദിച്ചിരുന്നെങ്കിൽ എനിക്കിത് ഒഴിവാക്കാൻ സാധിക്കുമായിരുന്നോ? എന്നൊക്കെ. അപ്പോൾ ഞാൻ ചിന്തിക്കും ഈ മേഖലയിൽ ഇന്ന് നമുക്കുള്ള അറിവുകൾ നേരത്തെ സ്വായത്തമാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടിനിടെ നമ്മെ ബാധിച്ച നിരവധി രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാൻ കഴിയുമായിരുന്നു.
നാം ജീവിക്കുന്ന ചുറ്റുപാടിൽ, കഴിക്കുന്ന ഭക്ഷണത്തിൽ ചെറിയ ശ്രദ്ധ പുലർത്താൻ സാധിച്ചാൽ ചിലപ്പോൾ നമുക്ക് വലിയ അപകടങ്ങളിൽനിന്നും രക്ഷനേടാൻ സാധിക്കും.
ഓരോ വർഷവും രണ്ട് കോടിയിലധികം മനുഷ്യരെയാണ് അർബുദം പിടികൂടുന്നത്. അതിൽ പകുതിയിലേറെപ്പേരും മരണപ്പെടുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ചർമം, ശ്വാസകോശം, വായ, കുടൽ, കരൾ, രക്തം, സ്തനം, ഗർഭപാത്രം, തലച്ചോർ എന്നിവയുൾപ്പെടെ ശരീരത്തിൽ എവിടെയും അർബുദം ബാധിക്കാം. കാൻസറിന് കാരണമാകുന്ന ചില കാര്യങ്ങൾ ഏതൊക്കെയാണെന്ന് ലോകാരോഗ്യ സംഘടന കൃത്യമായി നിർണയിച്ചിട്ടുണ്ട്. അതിൽ ചിലത് നമ്മുടെ നിയന്ത്രണത്തിലുള്ളതും അല്ലാത്തതുമാണ്.
കാൻസറിന്റെ പ്രധാന കാരണങ്ങൾ
പുകവലി
കാൻസർ എന്ന് കേൾക്കുമ്പോൾ ഏവരുടെയും മനസ്സിൽ ആദ്യമോടിയെത്തുന്ന വില്ലൻ പുകവലിയാണ്. ഒരു സിഗരറ്റിൽ ഏതാണ്ട് 70 കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അതിൽ മിക്കവയും കാൻസറിന് കാരണമാകുന്നവയാണ്. മറ്റൊരാൾ വലിച്ചുവിടുന്ന പുക ശ്വസിക്കാനിടയായാൽ നേരിട്ട് പുകവലിക്കാത്തയാൾക്കും അപകടസാധ്യതയുണ്ട്. വീട്ടിൽ ഒരാൾ പുകവലിച്ചാൽ പോലും മറ്റെല്ലാ അംഗങ്ങൾക്കും അർബുദമുണ്ടാകാൻ സാധ്യതയുണ്ട്. അമിതമായി പ്ലാസ്റ്റിക് കത്തിക്കുന്ന പുക ശ്വസിക്കുന്നതും കാൻസറിന് കാരണമാകുന്നു.
പ്രോസസ് ചെയ്ത മാംസാഹാരം
അധികനാൾ കേടുകൂടാതെ സൂക്ഷിക്കാനായി വിവിധ കെമിക്കലുകൾ ചേർത്ത് രൂപാന്തരപ്പെടുത്തി എടുക്കുന്ന മാംസം അമിതമായി കഴിക്കുന്നത് കാൻസറിന് കാരണമാകും. മാംസാഹാരം അറവുശാലയിൽ നിന്ന് നേരിട്ട് വാങ്ങി രണ്ട് ദിവസത്തിനുള്ളിൽ കഴിക്കുന്നതാണ് ഉത്തമം. സൂപ്പർമാർക്കറ്റുകളിൽ കിട്ടുന്ന മാംസം മാസങ്ങളോളം കേടാകാതെ ഫ്രീസറിൽ സൂക്ഷിക്കാൻ കഴിയുന്നത് അത് പ്രോസസ് ചെയ്തെടുത്തത് കൊണ്ടാണ്. ഫാസ്റ്റ് ഫുഡുകളിലും വ്യാപകമായി പ്രോസസ് ചെയ്ത മാംസം ഉപയോഗിക്കാറുണ്ട്.
ചില അണുബാധകൾ
എച്ച്. പൈലോറി, ഹ്യൂമൻ പാപ്പിലോമാ വൈറസ് (HPV), ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എയ്ഡ്സ്, എന്നീ അണുബാധകൾ അർബുദത്തിന് കാരണമാകാം. ഇതിൽ മിക്കവയും പ്രതിരോധിക്കാൻ കഴിയും.
രാസപദാർത്ഥങ്ങൾ
ആസ്ബറ്റോസ്, ആഴ്സനിക്, വിനൈൽ ക്ലോറൈഡ്, ആസിഡ് മിസ്റ്റ് എന്നീ കെമിക്കലുകൾ നമ്മുടെ ശരീരത്തിനുള്ളിൽ കടന്നാൽ അർബുദത്തിന് സാധ്യതയുണ്ട്. തൊഴിലിടത്തോ വീട്ടിലോ ഇത്തരം കെമിക്കലുകൾ ഉണ്ടെങ്കിൽ വളരെ സൂക്ഷ്മതയോടെ മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളു.
റേഡിയേഷൻ
മൊബൈൽ ഫോൺ റേഡിയേഷൻ അർബുദത്തിന് കാരണമാകുന്നില്ല. എന്നാൽ നട്ടുച്ചസമയത്തെ വെയിൽ ദീർഘകാലം അമിതമായി കൊള്ളുകയാണെങ്കിൽ ചർമത്തിൽ അർബുദത്തിന് സാധ്യതയുണ്ട്. വിറ്റാമിൻ ഡി കിട്ടാൻ പരമാവധി 20 മിനുട്ട് മാത്രം വെയിലേറ്റാൽ മതിയാകും. ദിവസവും മണിക്കൂറുകളോളം പുറത്തെ വെയിലിൽ ചിലവഴിക്കുന്നവർ സൂക്ഷിക്കണം. അനാവശ്യമായി എക്സ്റേ, സിറ്റി തുടങ്ങിയ സ്കാനിങ്ങുകൾക്ക് വിധേയരാകുന്നതും നല്ലതല്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇവ ചെയ്യാൻ പാടുള്ളു. സ്കാനിങ് കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ കാൻസറിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ നിർബന്ധമായും സ്വീകരിച്ചിരിക്കണം.
മദ്യപാനം
ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ അർബുദത്തിനിടയാക്കുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് മദ്യപാനം. വ്യത്യസ്തമായ നിരവധി അർബുദങ്ങൾക്ക് മദ്യപാനശീലം കാരണമായേക്കാം.
ഹോർമോൺ ചികിത്സകൾ
ആർത്തവവിരാമത്തിന്റെ ഘട്ടത്തിൽ സ്ത്രീകൾ പല മാനസികസംഘർഷങ്ങളും നേരിടാറുണ്ട്. ഈ സമയം ഈസ്ട്രജൻ തെറാപ്പി പോലെയുള്ള ഹോർമോൺ ചികിത്സകളെ പലരും ആശ്രയിക്കുന്നു. ഇവ കാൻസർ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ ഡോക്ടർമാർ ഇവ നിർദേശിക്കാറില്ല. എന്നാൽ പലരും ഇത്തരം ചികിത്സകൾ ചോദിച്ചുവാങ്ങുകയോ അംഗീകാരമില്ലാത്ത ഇടങ്ങളിൽ നിന്ന് സ്വീകരിക്കുകയോ ചെയ്യാറുണ്ട്.
കരിഞ്ഞ ആഹാരസാധനങ്ങൾ
ഗ്രിൽ ചെയ്ത മാംസാഹാരം ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഉയർന്ന ചൂടിൽ മാംസം നിർത്തിപ്പൊരിച്ചും എണ്ണയിൽ വറുത്തെടുത്തും ദിവസവും കഴിക്കുന്നത് പതിവാണ് പലരും. പലരും ചെറിയ രീതിയിലെങ്കിലും മാംസം കരിച്ചെടുത്ത് കഴിക്കാറുണ്ട്. സ്മോക്കഡ് ചിക്കൻ, ചാർക്കോൾ ബീഫ് എന്നിവ അതിൽ ചിലതാണ്. മാംസം കരിച്ചു കഴിക്കുന്നത് ക്യാൻസറിനെ ക്ഷണിച്ചുവരുത്തുന്ന ഒരു ശീലമാണ്. പലരും മീനും മാംസവും പൊരിക്കുമ്പോൾ എണ്ണയിൽ അവശേഷിക്കുന്ന കറുത്ത പൊടിയും കോരിയെടുത്ത് കഴിക്കാറുണ്ട്. അതും കാൻസറിന് കാരണമാണ്. തവിട്ടുനിറമാകുന്നത് വരെ ഇവ പാകം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ കൊടുംതവിട്ട് നിറമോ കറുപ്പോ ആയാൽ അവ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.
ഭക്ഷണത്തിൽ ചേർക്കുന്ന കൃത്രിമനിറം
അനുവദനീയമായ കളറിംഗ് ഏജന്റുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് സുരക്ഷിതമാണ്. എന്നാൽ പലരും അനുവദനീയമായതിലും കൂടിയ അളവിൽ ഇവ ഉപയോഗിക്കാറുണ്ട്. നിയമവിരുദ്ധമായ കൃത്രിമനിറങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണതയുമുണ്ട്. ഇത്തരം കൃത്രിമനിറങ്ങൾ അടങ്ങിയ ഭക്ഷണം നിരന്തരം കഴിക്കുന്നത് കാൻസറിനെ ക്ഷണിച്ചുവരുത്തും.
ലോഹങ്ങൾ ചൂടാകുമ്പോൾ ഉയരുന്ന പുക
ലോഹങ്ങൾ വിളക്കിച്ചേർക്കുമ്പോൾ ഉയരുന്ന പുക ശ്വസിക്കുന്നത് അർബുദത്തിന് കാരണമായേക്കാം. വെൽഡിങ് പണിക്ക് പോകുന്നവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം.
ഫംഗസ് ബാധിച്ച ഭക്ഷണം
ബ്രെഡ്, ബൺ, കേക്ക്, ചോളം, ഗോതമ്പ്, അരി, ധാന്യങ്ങൾ, നട്ട്സ്, അച്ചാർ തുടങ്ങിയ ഭക്ഷണങ്ങൾ അധികനാൾ പുറത്തിരുന്നാൽ അതിൽ ഫംഗസ് രൂപപ്പെടാറുണ്ട്. ഫംഗസുകൾ നിരവധിയുണ്ടെങ്കിലും അഫ്ലാടോക്സിൻ എന്ന ഫംഗസ് ക്യാൻസർ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഫംഗസ് ശ്രദ്ധയിൽപ്പെട്ടാൽ ആ ഭക്ഷണം പിന്നെ കഴിക്കരുത്.
സ്ത്രീകളിലെ അർബുദം
കേരളത്തിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. അറുപത് കഴിഞ്ഞ സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കണ്ടുവരുന്നത്. കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മുൻപ് സ്തനാർബുദം വന്നിട്ടുണ്ടെങ്കിലും കരുതൽ ആവശ്യമാണ്. ഇനിപ്പറയുന്ന പ്രത്യേകതകളുള്ള സ്ത്രീകളിൽ സ്തനാർബുദത്തിന് സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
- 12 വയസ് തികയുന്നതിന് മുൻപ് ആർത്തവം തുടങ്ങിയവർ
- 55 വയസിന് ശേഷവും ആർത്തവം തുടരുന്നവർ
- 35 വയസിന് ശേഷം ഗർഭം ധരിക്കുന്നവർ
- കുട്ടികളില്ലാത്തവർ
- കട്ടിയുള്ള സ്തനങ്ങൾ ഉള്ളവർ
- പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവർ
- ഗർഭനിരോധന ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നവർ
രണ്ട് വയസുവരെ കുട്ടികൾക്ക് മുലപ്പാൽ നൽകിയിട്ടുള്ള അമ്മമാരിൽ സ്തനാർബുദം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണശീലങ്ങളിൽ ശ്രദ്ധിക്കേണ്ടത്
ഫംഗസ് ബാധയുള്ള ഭക്ഷണങ്ങളും കരിച്ചെടുക്കുന്ന ഭക്ഷണവും പ്രോസസ് ചെയ്ത മാംസവും കാൻസറിന് കാരണമാകുമെന്ന് നമ്മൾ പറഞ്ഞുകഴിഞ്ഞു. എന്നാൽ അധികമാരും അറിയാത്ത മറ്റൊരു വില്ലനാണ് റിഫൈൻഡ് കാർബോഹൈഡ്രേറ്റ്സ്. കഴിക്കുമ്പോൾ ശരീരത്തിനുള്ളിൽ നീർക്കെട്ടുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് ഇവ. അമിതമായ അളവിൽ ദിവസവും തുടർച്ചയായി കഴിച്ചാൽ ഇവ കാൻസർ ഉണ്ടാക്കും.
തവിടുകളഞ്ഞ അരി, പ്രോസസ് ചെയ്ത മാംസം (ടിന്നിലും പാക്കറ്റിലും വരുന്ന മാംസങ്ങൾ, ഹാം, ബേക്കൺ, സോസേജ് തുടങ്ങിയവ), ചുവന്ന മാംസം (ബീഫ്, മട്ടൺ, പോർക്ക്), മദ്യം,വല്ലപ്പോഴും ഇവ ആസ്വദിക്കുന്നതിൽ തെറ്റില്ല. ആഴ്ചയിൽ 100 – 150 ഗ്രാം വരെ സുരക്ഷിതമാണ്.
എന്നാൽ നിരന്തരം കഴിച്ചാൽ ഇവ കുടലിൽ അർബുദത്തിന് കാരണമാകും. മദ്യപാനമാണ് ഇക്കൂട്ടത്തിൽ ഏറ്റവും അപകടകാരി. വായിലും അന്നനാളത്തിലും കരളിലും കുടലിലും ആമാശയത്തിലും പാൻക്രിയാസിലും മലധ്വാരത്തിലും തുടങ്ങി നിരവധി അവയവങ്ങളിൽ മദ്യം കാൻസറിന് ഇടയാക്കുന്നു.
അമിതമായി ഭക്ഷണം കഴിച്ച് ശരീരഭാരം കൂടാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അമിതഭാരമുണ്ടെങ്കിൽ പച്ചക്കറികളും ഇലകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും വ്യായാമം ഒരു ശീലമാക്കിയും കാൻസറിനെ പ്രതിരോധിക്കണം.ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം. ഇതിൽ രണ്ടുദിവസം ഭാരമുപയോഗിച്ചു കൊണ്ടുള്ള വ്യായാമങ്ങൾ ഉൾപ്പെടുത്താം.
പഞ്ചസാരയുടെ അമിതമായ ഉപയോഗം കുറച്ചും മാനസിക സമ്മർദ്ദം ഒഴിവാക്കിയും നന്നായി ഉറങ്ങിയും കാൻസറിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. ദിവസവും അരമണിക്കൂറെങ്കിലും നടത്തം ഒരു ശീലമാക്കാം.
തയ്യാറാക്കിയത്: ഡോ. കെ. വി ഗംഗാധരൻ, സീനിയർ കൺസൾട്ടന്റ് ആൻഡ് ഹെഡ് – മെഡിക്കൽ ഓങ്കോളജി, ആസ്റ്റർ മിംസ്, കാലിക്കറ്റ്
read also Lung cancer ശരീരത്തിൽ വരുന്ന ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത് ലങ് ക്യാൻസറിന്റെ ആരംഭമാണ്