റിയാദ്: ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ 28 തസ്തികകളിലായി 23,000 തൊഴിലവസരങ്ങൾ സ്വദേശിവത്കരിക്കാൻ ലക്ഷ്യമിടുന്നതായി സൗദി ഗതാഗത ലോജിസ്റ്റിക്സ് അസിസ്റ്റന്റ് മന്ത്രി അഹമ്മദ് ബിൻ സുഫിയാൻ അൽഹസൻ പറഞ്ഞു. ‘വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി യുവാക്കളുടെ ശാക്തീകരണം’ എന്ന തലക്കെട്ടിൽ അരങ്ങേറിയ മൂന്നാമത് ഖസീം യൂത്ത് എംപവർമെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചരക്കുലോറി ഗതാഗത മേഖലയിൽ 10,000ഉം യാത്രാവാഹന മേഖലയിൽ 3,000ഉം വ്യോമഗതാഗത മേഖലയിൽ 10,000ഉം തൊഴിലവസരങ്ങളാണ് സ്വദേശിവത്കരിക്കാൻ ലക്ഷ്യമിടുന്നത്. ഗതാഗതത്തിനും ലോജിസ്റ്റിക്സിനും വേണ്ടിയുള്ള ദേശീയ പദ്ധതിയുടെയും സൗദി വിഷൻ 2030ന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഗതാഗത ലോജിസ്റ്റിക് സംവിധാനത്തിന് ഭരണകൂടത്തിൽ വലിയ പിന്തുണയും പരിചരണവും ലഭിക്കുന്നുണ്ട്. രാജ്യത്തെ യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനും മാനുഷികശേഷി വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം സംരംഭങ്ങളും പദ്ധതികളും നിലവിലുണ്ടെന്നും ഗതാഗത, ലോജിസ്റ്റിക് അസിസ്റ്റന്റ് മന്ത്രി പറഞ്ഞു.
ലോജിസ്റ്റിക് മേഖലയെ പിന്തുണക്കുന്നതിനാണ് സൗദി ലോജിസ്റ്റിക് അക്കാദമി സ്ഥാപിച്ചത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച ദേശീയ ഗതാഗത ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങളിലൊന്നാണിത്. ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായി സൗദി അറേബ്യയെ ലോക ഭൂപടത്തിൽ ഉൾപ്പെടുത്താനാണിത്. അവസാനമായി ലോജിസ്റ്റിക് മേഖലയിൽ ചേരാൻ 450 പുരുഷന്മാരും സ്ത്രീകളും അക്കാദമിയിൽനിന്ന് ബിരുദം നേടിയെന്നും ഗതാഗത ലോജിസ്റ്റിക് വകുപ്പ് അസിസ്റ്റന്റ് മന്ത്രി പറഞ്ഞു. ഖസിം പ്രവിശ്യാ ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സഉൗദിെൻറ രക്ഷാകർതൃത്വത്തിലാണ് ഫോറം സംഘടിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു