ഇസ്ലാമാബാദ്: ഡേവിസ് കപ്പ് ടെന്നിസിൽ ആറ് പതിറ്റാണ്ടിനു ശേഷം ഇന്ത്യ ശനിയാഴ്ച പാകിസ്താനിൽ കളിക്കും. ലോകഗ്രൂപ്പ് ഒന്ന് പ്ലേ ഓഫിലാണ് പാകിസ്താനുമായുള്ള ഏറ്റുമുട്ടൽ. ജയിക്കുന്ന ടീം ലോകഗ്രൂപ്പ് ഒന്നിലിടം നേടും. തോൽക്കുന്നവർക്ക് രണ്ടാം ഗ്രൂപ്പിൽ കളിക്കാം. ഡേവിസ് കപ്പിൽ പാകിസ്താനെതിരെ തോൽവിയറിയാത്ത ഇന്ത്യ മറ്റൊരു വിജയത്തിനായാണ് ലക്ഷ്യമിടുന്നത്. ആദ്യ സിംഗിൾസിൽ രാംകുമാർ രാമനാഥൻ വെറ്ററൻ താരമായ ഐസാമുൽ ഹഖ് ഖുറേഷിയെ നേരിടും.
രണ്ടാം സിംഗിൾസിൽ ശ്രീറാം ബാലാജിയും അഖീൽ ഖാനും കളിക്കും. നാളെ ഡബ്ൾസിൽ യുകി ഭാംബ്രി- സാകേത് മൈനേനി സഖ്യം ബർഖത്തുല്ല-മുസമ്മിൽ മുർതസ കൂട്ടുകെട്ടുമായി ഏറ്റുമുട്ടും. റിവേഴ്സ് സിംഗിൾസിൽ രാംകുമാർ രാമനാഥൻ അഖീൽ ഖാനെയും ശ്രീറാം ബാലാജി ഐസാമുൽ ഹഖിനെയും നേരിടും. മത്സരദിവസം രാവിലെ പാക് ടീമിൽ മാറ്റം വരാനും സാധ്യതയുണ്ട്. ഇസ്ലാമാബാദ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന മത്സരത്തിൽ കാണികൾക്ക് കർശനമായ നിയന്ത്രണമുണ്ട്.
500 പേർക്ക് മാത്രമാണ് പ്രവേശനം. ഇന്ത്യൻ ക്രിക്കറ്റ് ടീമടക്കം പാകിസ്താനിലേക്ക് പര്യടനം വർഷങ്ങൾക്ക് മുമ്പേ നിർത്തിയ സാഹചര്യത്തിലാണ് ടെന്നിസ് ടീം പാക് മണ്ണിൽ കളിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ