ഗസ്സ: താൽക്കാലിക വെടിനിർത്തൽ സ്വീകാര്യമല്ലെന്നും യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ സൈന്യം ഗസ്സയിൽനിന്ന് പൂർണമായി പിൻവാങ്ങണമെന്നും മുതിർന്ന ഹമാസ് നേതാവ് ഉസാമ ഹംദാൻ ലബനാനിലെ ബൈറൂത്തിൽ പ്രതികരിച്ചു. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഹമാസിന്റെ പ്രതികരണം.
രണ്ടുമാസത്തേക്ക് വെടിനിർത്താമെന്നും അതിനിടക്ക് ഘട്ടംഘട്ടമായി ഇസ്രായേലി ബന്ദികളെയും ഫലസ്തീനി തടവുകാരെയും മോചിപ്പിക്കണമെന്നുമുള്ള നിർദേശമാണ് മധ്യസ്ഥ ചർച്ചയിൽ ഉയർന്നിരുന്നത്. ഇസ്രായേൽ ഇതിന് സമ്മതിച്ചതായും മധ്യസ്ഥ രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ബന്ദിമോചനത്തിനായി ശക്തമായ ആഭ്യന്തര സമ്മർദം നേരിടുന്ന ഇസ്രായേൽ ഭരണകൂടം ഒരു ബന്ദിക്ക് പകരം 100 ഫലസ്തീനികളെ മോചിപ്പിക്കാൻ സന്നദ്ധമായി.
Read also: സാമ്പത്തിക പ്രതിസന്ധി; ദേശീയ എയര്ലൈന് വില്ക്കാന് പാകിസ്താന്
എന്നാൽ, ബന്ദികൾ സ്വതന്ത്രമായാൽ ഇസ്രായേൽ വീണ്ടും ക്രൂരമായ ആക്രമണം നടത്തുമെന്നും ഫലസ്തീനികളെ കസ്റ്റഡിയിലെടുക്കുമെന്നും ഹമാസ് കരുതുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര കരാറിന്റെ പിൻബലമുള്ള സ്ഥിരമായ യുദ്ധവിരാമത്തിന് മാത്രമേ വഴങ്ങൂ എന്നാണ് അവരുടെ നിലപാട്. വെടിനിർത്തൽ നിർദേശങ്ങൾ പഠിക്കുകയാണെന്നാണ് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
അതിനിടെ തെക്കൻ ഗസ്സയിലെ റഫ ഭാഗത്ത് കരയാക്രമണം ശക്തമാക്കാൻ ഇസ്രായേൽ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്. മറ്റു ഭാഗങ്ങളിൽ ബോംബാക്രമണം ശക്തമായപ്പോൾ നിരവധി ഫലസ്തീനികൾ അഭയം തേടിയത് ഈ ഭാഗത്താണ്. യുദ്ധമാരംഭിച്ച ശേഷം ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,131 ആയി. 66,287 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി വെസ്റ്റ് ബാങ്കിൽ 25 ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച മുസ്ലിം വിശ്വാസികളെ മസ്ജിദുൽ അഖ്സയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ