ദുബൈ: പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന് സ്വീകരണം നൽകി യു.എ.ഇയിലെ ചങ്ങനാശ്ശേരി പ്രവാസി അപോസ്റ്റലേറ്റ്. അജ്മാൻ റിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യു.എ.ഇയിലെ ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളായ 50 ഗായകർ ചേർന്ന് ചടങ്ങിൽ മംഗളഗാനം ഒരുക്കി.
എടത്വ മരിയാപുരം സ്വദേശി ടോജോ മോൻ ജോസഫ് രചനയും കൈനകരി സ്വദേശി വിൻസൺ കണിച്ചേരിൽ സംഗീത സംവിധാനവും നിർവഹിച്ച മംഗളഗാനം അനീഷ് പല്ലൂരിന്റെ നേതൃത്വത്തിലാണ് അവതരിപ്പിച്ചത്.
ഗാനമേള, നാടകം, കോമഡി സ്കിറ്റ്, ഗ്രൂപ്ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.
ചങ്ങനാശ്ശേരി അതിരൂപത മുൻ മെത്രാപ്പോലിത്ത ജോസഫ് പൗവത്തിലിന്റെ സ്മരണാർഥം നൽകിയ പ്രഥമ പുരസ്കാരത്തിന് ജോർജ് തോമസ് മീനത്തേക്കോണിൽ ഫുജൈറ, ബിജു മാത്യു മട്ടാഞ്ചേരി അബൂദബി എന്നിവർ അർഹരായി.
അതുല്യ പ്രതിഭ അവാർഡിന് ജോ കാവാലം ഷാർജ അർഹനായി. ജോസഫ് പെരുന്തോട്ടം പുരസ്കാരങ്ങൾ സമ്മാനിച്ചു.
ചങ്ങനാശ്ശേരി പ്രവാസി അപോസ്റ്റലേറ്റ് യു.എ.ഇ ചാപ്റ്ററിന്റെ വാർഷികവും കുടുംബസംഗമവും ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്തു.
യു.എ.ഇ ചാപ്റ്റർ കോഓഡിനേറ്റർ ബിജു മാത്യു മട്ടാഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ ജോർജ് മീനത്തേക്കോണിൽ സ്വാഗതവും തോമസ് പറമ്പത്ത് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു