യാംബു: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് യാംബുവിലെ പ്രമുഖ ഫുട്ബാൾ ക്ലബായ ഫൈറ്റേഴ്സ് കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ സംസം എഫ്.സി മദീന ടീം ജേതാക്കളായി.
യുനീക് എഫ്.സി യാംബുവിനോട് രണ്ടിനെതിരെ നാല് ഗോളുകൾ നേടിയാണ് സംസം എഫ്.സി മദീന ടീം വിജയിച്ചത്. എൻ.ഐ.ഇ, എഫ്.കെ ചാമ്പ്യൻസ് ട്രോഫി 2024 നുവേണ്ടി യാംബു റദ് വ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ടൂർണമെൻറിൽ യാംബുവിലെയും മദീനിയിലെയും പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരച്ചു.
ഏറ്റവും നല്ല കളിക്കാരനായി യാംബു യുനീക് എഫ്.സി ടീമിലെ സുധീഷിനെ തിരഞ്ഞെടുത്തു. മാൻ ഓഫ് ദി മാച്ച് ആയി ഫഹൂദ്, ഗോൾ കീപ്പറായി ഷാജി (ഇരുവരും സംസം എഫ്.സി മദീന ടീം) എന്നിവരെയും തിരഞ്ഞെടുത്തു. ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക പരിപാടി ഫൈറ്റേഴ്സ് കണ്ണൂർ രക്ഷാധികാരിയും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ നാസർ നടുവിൽ ഉദ്ഘാടനം ചെയ്തു. ഫൈറ്റേഴ്സ് കണ്ണൂർ പ്രസിഡന്റ് അബ്ദുറസാഖ് നമ്പ്രം അധ്യക്ഷത വഹിച്ചു.
അഡ്വ. അബ്ദു നടുവിൽ (ഫിഫ ഖത്തർ വേൾഡ് കപ്പ് സേഫ്റ്റി ആൻഡ് അഷ്യുറൻസ് മാനേജർ), ബിജു വെളിയമറ്റം (നവോദയ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം) എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ ജബ്ബാർ, സജാം ജബ്ബാർ, അസ്ഹർ കണ്ണൂർ, അയ്യൂബ് എടരിക്കോട്, നജീബ് തിരുവനന്തപുരം, നൗഫൽ തുടങ്ങിയവർ സംബന്ധിച്ചു.
അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും മുഹ്സിൻ കുരുവമ്പലം നന്ദിയും പറഞ്ഞു. ഒന്നാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫിയും കാഷ് പ്രൈസും ന്യൂ ഇനീഷ്യറ്റിവ് എൻജിനീയറിങ് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ജബ്ബാർ, ജസീം എന്നിവരും രണ്ടാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫി നജീബ് തിരുവനന്തപുരവും (വാട്ടർ ടെക് ട്രേഡിങ്) വിതരണം ചെയ്തു. മറ്റു വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും അബ്ദുറസാഖ് നമ്പ്രം, ഷബീർ ഹസ്സൻ, അബ്ദുൽ കരീം പുഴക്കാട്ടിരി, അനീസുദ്ദീൻ ചെറുകുളമ്പ്, അബ്ദുറഹീം കണ്ണൂർ, നജീബ് കട്ടാംപള്ളി, മുഹ്സിൻ കുരുവമ്പലം, അസ്ഹർ കടൂർ തുടങ്ങിയവരും വിതരണം ചെയ്തു. യാംബുവിലെ വിവിധ കുടുംബങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപ്രകടനകൾ റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കും മത്സരത്തിനും മാറ്റു കൂട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു