അൽഐൻ: 31 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് തിരുവനന്തപുരം കിളിമാനൂർ സ്വദേശി അൽസഫയിൽ ഷാജഹാൻ അബ്ദുറഹ്മാൻ നാട്ടിലേക്ക് തിരിക്കുന്നു. 1993 നവംബർ 23ന് വിസിറ്റ് വിസയിലാണ് ഇദ്ദേഹം ഷാർജയിൽ എത്തുന്നത്. സഹോദരൻ കെ.എസ്. ബഷീറിന്റെ സഹായത്തോടെ ലഭിച്ച സന്ദർശക വിസയിൽ ജോലി അന്വേഷിച്ച് കിട്ടാതായപ്പോൾ സ്വകാര്യ വിസയെടുത്ത് ഷാർജയിലെ അലൂമിനിയം കമ്പനികളായ ഹമറൈൻ, അലീകോ എന്നിവയിൽ ജോലി ചെയ്തു.
1996ൽ തൊഴിലിടങ്ങളിൽ അതത് സ്ഥാപനങ്ങളുടെ വിസയുള്ളവർക്ക് മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂ എന്ന നിയമവും പൊതുമാപ്പ് നിലവിൽ വരുകയും ചെയ്തതോടെ നാട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ആ സമയത്താണ് അൽഐൻ കോഓപറേറ്റിവ് കമ്പനിയിൽ ജോലി ലഭിക്കുന്നത്. അവിടെ ആദ്യ ഒന്നര വർഷം കമ്പ്യൂട്ടർ ഓപറേറ്ററായും അഞ്ച് വർഷം അക്കൗണ്ട് അസിസ്റ്റന്റായും പത്ത് വർഷം അക്കൗണ്ടന്റായും അവസാന പത്തുവർഷം സീനിയർ അക്കൗണ്ടന്റായും ജോലി ചെയ്തു. അൽഐൻ കോഓപറേറ്റിവിലെ സ്തുത്യർഹമായ 28 വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് പോകുമ്പോൾ തികഞ്ഞ സംതൃപ്തിയിലാണ് ഷാജഹാൻ.
ചിട്ടയായ ജീവിതം ശീലമാക്കിയ ഷാജഹാനെക്കുറിച്ച് മികച്ച ഓർമകളാണ് സുഹൃത്തുക്കൾക്കുള്ളത്. അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ, മലയാളി സമാജം തുടങ്ങിയ കൂട്ടായ്മകളിൽ ദീർഘകാലമായി അംഗമാണിദ്ദേഹം.
തിരിച്ചുപോകുന്ന ഷാജഹാന് താമസസ്ഥലത്തെ സുഹൃത്തുക്കൾ ചേർന്ന് ഞായറാഴ്ച യാത്രയയപ്പ് നൽകി. ഭാര്യ: റംസീന ഷാജഹാൻ. മകൾ: സോഫിയ ഷാജഹാൻ (ടെക്നോപാർക്കിൽ സോഫ്റ്റ്വെയർ പ്രോഗ്രാമർ ഡെവലപ്പർ).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു