റിയാദ്: സാമൂഹിക യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കാത്തതും വസ്തുതാവിരുദ്ധ കണക്കുകൾ നിറഞ്ഞതുമായ അസത്യ പഞ്ചാംഗമാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റ് എന്ന് റിയാദ് നവോദയ സാംസ്കാരികവേദി ആരോപിച്ചു. കണ്ണടച്ച് ഇരുട്ടാക്കുകയാണ് സർക്കാർ. ക്ഷേത്ര നിർമാണമൊക്കെ സർക്കാർ നേട്ടമായി അവകാശവാദമുയർത്തി അധഃപതിക്കുന്ന രൂപത്തിലാണ് ഈ ബജറ്റ്.
വർഷങ്ങളായി നിയമനനിരോധനം നിലനിൽക്കുമ്പോഴും ഇപ്പോഴും പുതിയ തൊഴിൽ വാഗ്ദാനം നൽകുകയാണ്. ഇന്ധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും വിലക്കയറ്റം നിയന്ത്രിച്ചു എന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. ഈ വിധം പൊള്ളത്തരങ്ങൾ മാത്രമാണ് ഈ തെരഞ്ഞെടുപ്പുകാലത്തെ ബജറ്റിൽ നിറയെ. പ്രവാസികളെ പതിവുപോലെ പൂർണമായും ബജറ്റ് വിസ്മരിക്കുന്നുണ്ട്.
അങ്ങനെയൊരു ഇന്ത്യൻ ജനവിഭാഗമുണ്ടെന്നും അവരെ അഡ്രസ് ചെയ്യേണ്ടതുണ്ടെന്നും നമ്മുടെ കേന്ദ്രസർക്കാർ എന്നാണ് തിരിച്ചറിയുക. ഇത്തവണയും കേരളത്തിന് അവഗണന മാത്രമാണ് ലഭിച്ചത്. സാധാരണക്കാരെ പൂർണമായും മറന്ന ബജറ്റ് കുത്തകക്കമ്പനികൾക്ക് നികുതിയിളവ് നൽകാൻ മറന്നില്ല.
കേവലം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രസംഗത്തിനപ്പുറം യാഥാർഥ്യബോധമില്ലാത്ത ബജറ്റിനെതിരെ പ്രവാസികൾക്കുവേണ്ടി റിയാദ് നവോദയ ശക്തമായ പ്രതിഷേധമുയർത്തുന്നതായും വാർത്തക്കുറിപ്പിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു