ജിദ്ദ: സൗദി ബജറ്റിനെക്കുറിച്ച് വിശകലനം നടത്തുകയും മലയാളി ബിസിനസ് സംരംഭകരായ പ്രവാസികൾക്ക് സാമ്പത്തിക അവബോധം നൽകുകയും ചെയ്യുക എന്ന ലക്ഷ്യവുമായി സിജി ജിദ്ദ ചാപ്റ്ററിനു കീഴിലെ ബിസിനസ് ഇനിഷ്യേറ്റിവ് ഗ്രൂപ് (ബിഗ്) പ്രത്യേക പരിപാടി സംഘടിപ്പിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബിഗിന്റെ ഏഴാം വാർഷികവുമായി ബന്ധപ്പെട്ട് ‘ബ്രീസ് ബിഗ് കോൺക്ലേവ്’ എന്ന പേരിൽ ജിദ്ദ റമാദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 10 ശനിയാഴ്ച രാത്രി എട്ടിനാണ് പരിപാടി നടക്കുക. പ്രമുഖ അനലിസ്റ്റുകളുടെ പാനൽ സൗദിയിലെ ബജറ്റ്, വ്യവസായ മേഖല തിരിച്ചുള്ള ബജറ്റ് വിഹിതത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പരിപാടിയിൽ അവതരിപ്പിക്കും. രാജ്യത്ത് വൈവിധ്യമാർന്ന മേഖലകളിൽ ഉയർന്നുവരുന്ന ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള അറിവ് നൽകലാണ് വിവിധ സെഷനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ സെഷനിടയിലും ചോദ്യോത്തര അവസരങ്ങൾ കൂടിയുണ്ടാവും.
ഇതാദ്യമായാണ് സൗദി ബജറ്റിനെക്കുറിച്ച് മലയാളികളായ പ്രവാസികൾക്കിടയിൽ ചർച്ച സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. സൗദിയുടെ വളർച്ചയോടൊപ്പം പ്രവാസി ബിസിനസ് സംരംഭകരും പുതിയ രീതികളുമായി പൊരുത്തപ്പെടാനും തങ്ങളുടെ പരമ്പരാഗത രീതികൾ നവീകരിക്കാനും, മാറ്റങ്ങൾ ബിസിനസ് മേഖലകളിൽ പ്രതിഫലിപ്പിക്കാനുള്ള അവസരമൊരുക്കലാണ് പരിപാടി. സാമ്പത്തിക വിദഗ്ധൻ ഫസ്ലിൻ അബ്ദുൽഖാദറിന്റെ നേതൃത്തിൽ ഐ.ടി വിദഗ്ധൻ അഷ്റഫ് കുന്നത്ത്, ലോജിസ്റ്റിക്സ് കമ്പനി ഗ്രൂപ് സി.ഇ.ഒ അബ്ദുൽ മജീദ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയെ കുറിച്ച് മാധ്യമ പ്രവർത്തകൻ അഫ്ത്താബ് റഹ്മാൻ, ഗ്ലോബൽ ബ്രിഡ്ജ് അഥവാ കണക്ടിങ് സൗദി ബിസിനസ് ടു ഇൻറർനാഷനൽ മാർക്കറ്റ്സിനെകുറിച്ച് നിഷാദ്, ഷിഹാബ് തങ്ങൾ എന്നിവർ വിശദീകരിക്കും. പരിപാടിയിലേക്ക് പ്രവേശനം മുൻകൂർ രജിസ്ട്രേഷനിലൂടെ നിയന്ത്രിക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരെയും ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരെയും സാമ്പത്തിക വിഷയങ്ങളിൽ താൽപര്യമുള്ളവരെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ജിദ്ദ ഹിറ സ്ട്രീറ്റിലുള്ള റോയൽ ഗാർഡൻ റസ്റ്റാറൻറിൽ നടന്ന വാർത്തസമ്മേളനത്തിൽ സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് കുഞ്ഞി, വൈസ് ചെയർമാൻ മുഹമ്മദലി ഓവുങ്ങൽ, ബിഗ് ഹെഡ് മുഹമ്മദ് ബൈജു, ഡെപ്യൂട്ടി ഹെഡ് ഫസ്ലിൻ അബ്ദുൽഖാദർ, പ്രോഗ്രാം കൺവീനർ റിയാസ് എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു