റിയാദ്: സൗദി അറേബ്യയിൽ വാഹനാപകട മരണനിരക്ക് എട്ടുവർഷത്തിനിടെ പകുതിയായി കുറഞ്ഞു. ആരോഗ്യ പരിവർത്തന പരിപാടിയുടെ ആദ്യഘട്ടം പൂർത്തീകരിച്ച സന്ദർഭത്തിൽ നടന്ന ചടങ്ങിലാണ് വാഹനാപകട മരണനിരക്ക് 50 ശതമാനം കുറഞ്ഞ വിവരം ആരോഗ്യമന്ത്രി എൻജി. ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ വ്യക്തമാക്കിയത്. 2016ൽ ഒരു ലക്ഷം വാഹനാപകടങ്ങളിൽ 28 ശതമാനം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, 2023ൽ അത് 14 ശതമാനമായി കുറഞ്ഞു. അപകടങ്ങളുണ്ടാവുമ്പോൾ അടിയന്തര രക്ഷാപ്രവർത്തനം ഫലം കാണുന്നതിന്റെ തെളിവാണിത്. അത് രാജ്യം സാക്ഷ്യം വഹിക്കുന്ന ആരോഗ്യപരിവർത്തന പദ്ധതിയുടെ വിജയമാണ്.
ആരോഗ്യ പരിവർത്തന പരിപാടിയുടെ ആദ്യ ഘട്ടം ഉദ്ദേശിച്ച ഫലങ്ങളുണ്ടാക്കി. ആരോഗ്യത്തിൽ ഡിജിറ്റൽവത്കരണം വലിയ നേട്ടങ്ങൾ കൈവരിച്ചു. ആളുകളുടെ ആരോഗ്യ സംരക്ഷണം വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സൗദി സ്വീകരിച്ച പോഷകാഹാര, ചികിത്സ നയങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ ലഭിച്ചത് മന്ത്രി സൂചിപ്പിച്ചു. മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം 77.6 വർഷമായി വർധിച്ചതായും 2030ഓടെ 80 വർഷമാക്കി ഉയർത്താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ പരിവർത്തന പരിപാടി ആദ്യഘട്ടം പൂർത്തീകരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. അതുമായി സഹകരിച്ച മന്ത്രിമാരായ ഡോ. തൗഫീഖ് അൽറബീഅ, എൻജി. ഖാലിദ് അൽഫാലിഹ്, ഉദ്യോഗസ്ഥർ എന്നിവർക്ക് ആരോഗ്യമന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു. രാജ്യത്തിലെ ആരോഗ്യ സംവിധാനം വിജയകരമാക്കാൻ അവർ ചെയ്ത കാര്യങ്ങളെ പ്രശംസിച്ചു.
രാജ്യത്തെ ആരോഗ്യ മേഖലയെ പുകഴ്ത്താൻ കാരണമായ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് ഭരണകൂടം നൽകുന്ന പിന്തുണയെ മന്ത്രി പ്രശംസിച്ചു. അത് ഏറ്റവും ധീരവും സമഗ്രവുമാണെന്ന് വിശേഷിപ്പിച്ചു. ‘ഗുണനിലവാരം’ എന്ന തലക്കെേട്ടാടെ തുടരുന്ന ആരോഗ്യ പരിവർത്തന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായും മന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യ ക്ലസ്റ്ററുകൾ ഫലപ്രദമായി ഹെൽത്ത് ഹോൾഡിങ് കമ്പനിക്ക് കൈമാറാൻ ലക്ഷ്യമിടുന്നതിനാൽ ഇത് ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ ഘട്ടമാണെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു