ദുബൈ: പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് അനാവശ്യ നടപടിക്രമങ്ങൾ ഇല്ലാതാക്കാൻ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും നിർദേശം നൽകി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വ്യാഴാഴ്ച നടന്ന സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിൽ പങ്കെടുക്കവെയാണ് ഇദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്.
ഓരോ വകുപ്പുകളും വർഷത്തിൽ 2000 അനാവശ്യ നടപടിക്രമങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കണം. ഇതുവഴി പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ എടുക്കുന്ന സമയം 50 ശതമാനം കുറക്കുകയാണ് ലക്ഷ്യം. ഇതിൽ മികവ് പുലർത്തുന്ന ജീവനക്കാരനോ ജീവനക്കാരുടെ സംഘത്തിനോ 10 ലക്ഷം ദിർഹത്തിന്റെ ആനുകൂല്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ ജനങ്ങളുടെ ജീവിതം സുഗമമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. അവർ അർഹിക്കുന്ന സേവനങ്ങൾ ഏറ്റവും എളുപ്പത്തിൽ ലഭ്യമാക്കാനാവണം. ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ നൽകുന്നതിൽ ലോകത്തെ ഏറ്റവും മികച്ച സർക്കാറായി മാറുകയാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പിന്നീട് എക്സിൽ കുറിച്ചു. ഉദ്യോഗസ്ഥ ഇടപെടൽ ഇല്ലാതാക്കുക, അതിവേഗത്തിൽ സേവനം ലഭ്യമാക്കുക എന്നീ രണ്ട് പ്രധാന കാര്യങ്ങളാണ് പുതിയ നയം ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലെ പ്രധാന വെല്ലുവളി ഉദ്യോഗസ്ഥ ഇടപെടലാണ്.
ഒരു വർഷത്തിനുള്ളിൽ അനാവശ്യ നടപടിക്രമങ്ങൾ കുറക്കുന്നതിൽ സ്ഥാപനങ്ങൾ എത്രത്തോളം പുരോഗതി കൈവരിച്ചുവെന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഉദ്യോഗസ്ഥരുടെ ഇടപെടൽ കുറക്കാൻ ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ നവംബറിലാണ് സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാം പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച നടന്ന പ്രോഗ്രാമിൽ മുന്നൂറിലധികം വകുപ്പ് തലവൻമാർ പങ്കെടുത്തു. എല്ലാ എമിറേറ്റുകളിലേയും സർക്കാർ സേവനങ്ങളുടെ മികവ് വർധിപ്പിക്കാനായി പ്രഖ്യാപിച്ച ‘സർവിസസ് 2.0’ സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ 90 ദിവസംകൊണ്ട് 106 സേവനങ്ങൾ വികസിപ്പിക്കുന്നതിൽ തങ്ങളുടെ നേട്ടങ്ങളും 30 വകുപ്പുകൾ യോഗത്തിൽ പ്രദർശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു