ഗസ്സ: തെക്കൻ ഗസ്സ മുനമ്പിലെ റഫയിലേക്ക് കര ആക്രമണം വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് ഇസ്രായേൽ സൈന്യം. ഇതോടെ ഗസ്സയിൽ “സേഫ് സോൺ” ആയി നിശ്ചയിച്ചിരിക്കുന്ന അവസാന സ്ഥലവും ഭീഷണി നേരിടുകയാണ്.
“ഹമാസ് സംഘടനയുടെ ഖാൻ യൂനിസ് ബ്രിഗേഡ് പിരിച്ചുവിട്ടു, ഞങ്ങൾ അവിടെ ദൗത്യം പൂർത്തിയാക്കി റഫയിലേക്ക് തുടരും,” ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് വ്യാഴാഴ്ച വൈകി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.
ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ ഏകദേശം 1.9 ദശലക്ഷവും ഈജിപ്തിൻ്റെ അതിർത്തിക്കടുത്തുള്ള റഫയിൽ തിങ്ങിപ്പാർക്കുന്നു. സംരക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയാണ് ഇവര് താമസിക്കുന്നത്.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പേർ കൊല്ലപ്പെടുകയും 190 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, മരിച്ചവരുടെ എണ്ണം 27,000 പിന്നിട്ടപ്പോൾ പരിക്കേറ്റവരുടെ എണ്ണം 66,139 ആയി.
ഗസ്സയിൽ നിന്ന് എണ്ണായിരത്തിലധികം പേരെ അടിയന്തര ചികിത്സക്കായി മറ്റു രാജ്യങ്ങളിലേക്ക് മാറ്റേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന. യുദ്ധത്തിൽ പരിക്കേറ്റവർക്കും മറ്റും രോഗികൾക്കുമുള്ള ചികിത്സ സൗകര്യം ഗസ്സയിൽ പരിമിതമാണ്. ഈജിപ്തിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ രോഗികളെ മാറ്റൽ അത്യാവശ്യമാണെന്ന് ഫലസ്തീനിലെ ഡബ്ല്യു.എച്ച്.ഒ പ്രതിനിധി റിച്ചാർഡ് പീപെർകോൺ പറഞ്ഞു.
6000ഓളം പേർക്ക് ഇസ്രായേലിന്റെ ആക്രമണത്തിലാണ് പരിക്കേറ്റത്. മറ്റുള്ള 2000 പേർ വിവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. യുദ്ധം ആരംഭിച്ചശേഷം 1243 രോഗികളെയും 1025 കൂട്ടിരിപ്പുകാരെയുമാണ് ഈജിപ്ത് അതിർത്തിയിലെ റഫ വഴി ചികിത്സക്ക് അയച്ചത്. ഇതിൽ 790 പേർ യുദ്ധത്തിൽ പരിക്കേറ്റവരായിരുന്നു.
ഈജിപ്തും മറ്റു പല രാജ്യങ്ങളും രോഗികളെ സ്വീകരിക്കാൻ തയാറാണ്. എന്നാൽ, ഇവരെ മാറ്റാൻ ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളും കുറവാണെന്ന് റിച്ചാർഡ് വ്യക്തമാക്കി. വടക്കൻ ഗസ്സയിൽ ജനുവരിയിൽ ഇത്തരത്തിലുള്ള 15 ദൗത്യങ്ങളാണ് ഡബ്ല്യു.എച്ച്.ഒ ആസൂത്രണം ചെയ്തത്. എന്നാൽ, ഇതിൽ മൂന്നെണ്ണം മാത്രമാണ് പ്രാവർത്തികമായത്. ഗതാഗത സൗകര്യമില്ലാത്തതിനാൽ നാല് ദൗത്യങ്ങൾ തടസ്സപ്പെട്ടു. ഒന്ന് മാറ്റിവെക്കുകയും എട്ടെണ്ണം നിരസിക്കുകയും ചെയ്തു.
തെക്കൻ ഗസ്സയിൽ 11 ദൗത്യങ്ങളാണ് ആസൂത്രണം ചെയ്തത്. ഇതിൽ നാലെണ്ണം നടപ്പായി. രണ്ടെണ്ണം ചെക്ക്പോസ്റ്റിലെ പ്രശ്നങ്ങൾ കാരണം മുടങ്ങി. മൂന്ന് ദൗത്യങ്ങൾ നിരസിക്കപ്പെടുകയും ചെയ്തു. ഗസ്സയിലെ സുരക്ഷ സംവിധാനങ്ങളുടെയും മാനുഷിക ഇടനാഴികളുടെയും അഭാവം ഇത്തരം പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുകയാണെന്നും റിച്ചാർഡ് പീപെർകോൺ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ