വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആതിഥേയർ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തു. 92 പന്തിൽ 51 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളും നാലു റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ. 41 പന്തിൽ 14 റൺസെടുത്ത നായകൻ രോഹിത് ശർമയുടെയും 46 പന്തിൽ 34 റൺസെടുത്ത ശുഭ്മൻ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുത്തു. അരങ്ങേറ്റക്കാരൻ ശുഐബ് ബഷീറിന്റെ പന്തിൽ ഓലീ പോപ്പിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. ഗില്ലിനെ വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണും പുറത്താക്കി. ഒന്നാം വിക്കറ്റിൽ രോഹിതും ജയ്സ്വാളും ചേർന്ന് 40 റൺസ് സ്കോർബോർഡിൽ ചേർത്താണ് മടങ്ങിയത്. ബാറ്റർ രജത് പാട്ടീദാർ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.
Read also: റിയാദ് സീസൺ കപ്പിൽ ഇന്റർ മിയാമിയെ 6-0ത്തിന് തകർത്ത് സൗദി ക്ലബ്
പരിക്കേറ്റ കെ.എൽ. രാഹുലിന് പകരമാണ് പട്ടീദാറിനെ ടീമിൽ ഉൾപ്പെടുത്തിയത്. സർഫറാസ് ഖാന് പ്ലെയിങ് ഇലവനിൽ ഇടംകിട്ടിയില്ല. സ്പിന്നർ കുൽദീപ് യാദവും പേസർ മുകേഷ് കുമാറും പുതുതായി ടീമിലെത്തി. പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജദേജക്കു പകരമായാണ് കുൽദീപ് കളിക്കുന്നത്. മുഹമ്മദ് സിറാജിന് പകരക്കാരനായി മുകേഷും ടീമിലെത്തി. വിശാഖപട്ടണം വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിലാണ് മത്സരം.
ഒന്നാം ടെസ്റ്റ് കൈവിട്ട ആതിഥേയർക്ക് രണ്ടാം ടെസ്റ്റ് ജീവന്മരണ പോരാട്ടമാണ്. അഞ്ച് മത്സര പരമ്പരയിലെ രണ്ടാമത്തെ കളിയും കൈവിട്ടാൽ തിരിച്ചുവരവ് പ്രയാസമാകും. തുടർതോൽവികൾ രോഹിത് ശർമയിലും സംഘത്തിലും സമ്മർദമേറ്റുകയും ചെയ്യും.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, രജത് പാട്ടീദാർ, കെ.എസ്. ഭരത്, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാർ.
ടീം ഇംഗ്ലണ്ട്: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക് ക്രാളി, ജോ റൂട്ട്, ഒല്ലി പോപ്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ട്ലി, ശുഐബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു