റായ്പുർ: രഞ്ജി ട്രോഫി സീസണിൽ നാല് മത്സരങ്ങൾ കളിച്ചിട്ടും ഒരു ജയം പോലുമില്ലാതെ നിൽക്കുന്ന കേരളം വെള്ളിയാഴ്ച ഛത്തിസ്ഗഢിനെതിരെ. നാലിൽ മൂന്ന് മത്സരങ്ങളും സമനിലയിലായെങ്കിലും ഇവയിൽ രണ്ടിലും ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ കേരളത്തിന് ഓരോ പോയന്റ് വീതമാണ് ലഭിച്ചത്. എലൈറ്റ് ഗ്രൂപ് ബിയിൽ ഒരു തോൽവികൂടി സമ്പാദ്യമായുള്ള സഞ്ജു സാംസണും സംഘവും അഞ്ച് പോയന്റുമായി ആറാം സ്ഥാനത്താണ്. ഓരോ ജയവും തോൽവിയും രണ്ട് സമനിലയും നേടി 11 പോയന്റോടെ ആതിഥേയർ നാലാമതും.
സഞ്ജുവിന്റെ സാന്നിധ്യം കേരള ബാറ്റിങ്നിരക്ക് കരുത്തുപകരും. ബിഹാറിനെതിരായ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയുൾപ്പെടെ നേടി ഓൾ റൗണ്ട് പ്രകടനം കാഴ്ചവെച്ചു ശ്രേയസ് ഗോപാലും. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടി തോൽവിമുഖത്തുനിന്ന് കേരളത്തെ രക്ഷിച്ചത് വെറ്ററൻ താരം സച്ചിൻ ബേബിയാണ്. അമൻദീപ് ഖരെയാണ് ഛത്തിസ്ഗഢ് നായകൻ.