ബ്ലോംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ലോകകപ്പിലെ അപരാജിത കുതിപ്പിൽ സെമി ഫൈനൽ ബെർത്തും സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. സൂപ്പർ സിക്സിലെ രണ്ടാം മത്സരത്തിൽ നേപ്പാളാണ് നിലവിലെ ജേതാക്കൾക്ക് പ്രതിയോഗികൾ. ഗ്രൂപ് റൗണ്ടിലെ മൂന്ന് കളികളും ജയിച്ചെത്തിയ ഇന്ത്യ സൂപ്പർ സിക്സിൽ ന്യൂസിലൻഡിനെ കശക്കിയെറിഞ്ഞാണ് തുടങ്ങിയത്. രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ നേപ്പാളിനെ തോൽപിച്ചാൽ ഇന്ത്യക്ക് അനായാസം സെമിയിലെത്താം. പരാജയപ്പെട്ടാലും സാധ്യത നിലനിൽക്കുന്നുണ്ട്.
സൂപ്പർ സിക്സിലെ രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് അവസാന നാലിലിടം. ഗ്രൂപ് ഒന്നിൽ ആറ് വീതം പോയന്റുമായി ഇന്ത്യയും പാകിസ്താനുമാണ് മുന്നിൽ. ഇന്ത്യയുടെ റൺറേറ്റ് 3.327ഉം പാകിസ്താന്റെത് 1.064ഉം ആണ്. റൺറേറ്റിലെ വലിയ വ്യത്യാസത്തിൽ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യ തോറ്റാൽ സാങ്കേതികമായി നാളത്തെ പാകിസ്താൻ-ബംഗ്ലാദേശ് മത്സരത്തിന്റെ ഫലത്തിനുകൂടി നോക്കേണ്ടിവരും. നാല് പോയന്റുമായി മൂന്നാംസ്ഥാനത്താണ് ബംഗ്ലാദേശ്. ഒരു പോയന്റുമില്ലാതെ അഞ്ചാമത് നിൽക്കുന്ന നേപ്പാളിനെ സംബന്ധിച്ച് ഇന്ത്യയെ തോൽപിക്കുകയെന്നത് ബാലികേറാമലയാണ്. അങ്ങനെ സംഭവിച്ചാലും ബംഗ്ലാദേശ് പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യയുടെ റൺറേറ്റിനെ മറികടക്കൽ വലിയ വെല്ലുവിളിയാവും.