മനുഷ്യശരീരത്തില്‍ ഏറ്റവുമാദ്യം പ്രവര്‍ത്തിച്ചുതുടങ്ങുന്ന ഗ്രന്ഥിയാണ് സെബേഷ്യസ് ഗ്രന്ഥികള്‍ (Sebaceous Glands). ഇവ എണ്ണമയമാര്‍ന്ന സീബം (Sebum) എന്ന സ്രവം ഉത്പാദിപ്പിക്കുന്നു. ഈ സ്രവം രോമകൂപങ്ങള്‍ വഴി തൊലിപ്പുറത്തെത്തുകയും ചര്‍മത്തിന് മെഴുക്കുമയം നല്‍കുകയും ചെയ്യുന്നു. ഗര്‍ഭാവസ്ഥയില്‍ ഏകദേശം നാലാം മാസത്തില്‍ തുടങ്ങി ജീവിതകാലം ഉടനീളം തുടരുന്ന പ്രക്രിയയാണിത്.
ഉത്പാദനം അധികമാകുമ്പോള്‍ അല്ലെങ്കില്‍ ഗ്രന്ഥികളുടെ പുറത്തേക്കുള്ള പാത അടഞ്ഞ് പോകുമ്പോള്‍ സീബം ഉള്ളില്‍ തിങ്ങിനിറയുകയും സെബേഷ്യസ് ഗ്രന്ഥികള്‍ വീര്‍ത്ത് മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരുവിന്റെ ആദ്യ ഘട്ടം. ഇവയെ കാര (comedones) എന്ന് വിളിക്കുന്നു.
ചര്‍മപ്രതലത്തിലെ സുഷിരങ്ങള്‍ അടഞ്ഞിരുന്നാല്‍ വെളുത്ത് കാണപ്പെടുന്ന കാരകളെ വൈറ്റ്ഹെഡ്സ് (Whiteheads) എന്നും സുഷിരങ്ങള്‍ തുറന്ന അവസ്ഥയില്‍ കറുത്ത് കാണപ്പെടുന്ന കാരകളെ ബ്ലാക്ക് ഹെഡ്സ് (Blackheads) എന്നും വിളിക്കുന്നു. ക്യൂട്ടിബാക്ടീരിയം അക്നെസ് പോലുള്ള രോഗാണുബാധമൂലം മുഖക്കുരു പഴുക്കുകയും അവ ഉണങ്ങിയാലും കലകളും വടുക്കളും അവശേഷിക്കുകയും ചെയ്യുന്നു.
മുഖക്കുരു മാറുന്ന സമയത്ത് തൊലിയില്‍ അവശേഷിക്കുന്ന ഇളംബ്രൗണ്‍ അല്ലെങ്കില്‍ കറുപ്പുനിറത്തിലുള്ള അടയാളത്തെ കലകള്‍ (Postinflammatory hyperpigmentation) എന്നാണ് പറയുക. തീവ്രത കൂടിയ മുഖക്കുരുക്കള്‍ ഉണങ്ങുന്ന സമയത്ത് മുഖത്ത് അവശേഷിക്കുന്ന ചെറിയ സുഷിരങ്ങളാണ് വടുക്കള്‍ (Scars). കലകള്‍ ഏതാനും മാസങ്ങള്‍കൊണ്ടോ വര്‍ഷങ്ങള്‍കൊണ്ടോ തനിയെ മാറിപ്പോകാം. എന്നാല്‍ വടുക്കള്‍ എന്നെന്നും നിലനില്ക്കും.
കാരണങ്ങള്‍
മുഖക്കുരു എന്നാണ് പേരെങ്കിലും അവ മുഖത്തെ മാത്രമല്ല ബാധിക്കുക. സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതല്‍ ഉള്ള മുഖം, നെഞ്ച്, തോളുകള്‍, മുതുക് എന്നിവിടങ്ങളിലാണ് കുരുക്കള്‍ കൂടുതല്‍ കാണപ്പെടുക.
ഹോര്‍മോണുകള്‍, പ്രധാനമായും ലൈംഗികഹോര്‍മോണുകള്‍ ആണ് സെബേഷ്യസ് ഗ്രന്ഥികളെ നിയന്ത്രിക്കുന്നത്. സ്ത്രൈണഹോര്‍മോണായ ഈസ്ട്രജന് സെബേഷ്യസ് ഗ്രന്ഥികളെ മന്ദീഭവിപ്പിക്കുമ്പോള്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ അവയെ ഉത്തേജിപ്പിക്കുന്നു. പ്രായപൂര്‍ത്തിയാവുന്ന ഘട്ടത്തിലും ആര്‍ത്തവചക്രത്തിലുമുള്ള ഹോര്‍മോണ്‍ ഉത്പാദനം മുഖക്കുരു ഉണ്ടാവുന്നതിന് കാരണമാകാറുണ്ട്.
ജനിതകമായ കാരണങ്ങള്‍കൊണ്ടും മുഖക്കുരു ഉണ്ടാകാം. മാതാപിതാക്കളില്‍നിന്ന് അടുത്ത തലമുറയിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ചില സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ അമിതോപയോഗം മുഖത്ത് കാരകള്‍ ഉണ്ടാകാന്‍ കാരണമാകാറുണ്ട്. (Cosmetic acne / Acne venenata). ജോലി സംബന്ധിയായ കാരണങ്ങളാല്‍ ചില രാസപദാര്‍ഥങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കും കുരുക്കള്‍ ഉണ്ടാകാം (occupational acne).
പെട്രോളിയം ഉത്പന്നങ്ങള്‍, കോള്‍ ടാര്‍ (Tar acne), ആരോമാറ്റിക് സംയുക്തങ്ങള്‍ മുതലായവ ഉദാഹരണങ്ങളാണ്. ചൂടും, ഈര്‍പ്പവും കൂടുതല്‍ ഉള്ള കാലാവസ്ഥയില്‍ (Tropical acne) ചിലപ്പോള്‍ മുഖക്കുരുക്കള്‍ പ്രത്യക്ഷപ്പെടാം. അമിത ക്ഷാരഗുണമുള്ള ഡിറ്റര്‍ജന്റ് ഉപയോഗം (Detergent acne), ഇടയ്ക്കിടെ തൊലിയില്‍ ഉണ്ടാകുന്ന ഉരസല്‍, അനാവശ്യമായി മുഖം ഉരച്ചുകഴുകുന്ന രീതി എന്നിവയെല്ലാം മുഖക്കുരു ഉണ്ടാകാന്‍ കാരണമാകാറുണ്ട്.
പലപ്പോഴും മുഖകാന്തിക്കുവേണ്ടി പുരട്ടുന്ന ലേപനങ്ങളില്‍ സ്റ്റിറോയിഡ് മരുന്നുകള്‍ അടങ്ങിയിട്ടുണ്ടാവാം. സ്റ്റിറോയിഡ് മരുന്നുകളുടെ പാര്‍ശ്വഫലമായി മുഖക്കുരു പ്രത്യക്ഷപ്പെടാറുണ്ട് (Steroid induced acne). സ്ഥിരമായി സ്റ്റിറോയ്ഡ് മരുന്നുകള്‍ പുരട്ടി കേടുവന്ന ചര്‍മത്തെ (Steroid damaged face) ഭേദപ്പെടുത്താന്‍ വളരെയധികം നാളുകളുടെ ചികിത്സ വേണ്ടി വന്നേക്കാം.
ഏത് മരുന്നുകള്‍ക്കും, പ്രത്യേകിച്ച് സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകള്‍ക്ക്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ മരുന്നുകള്‍ പുരട്ടരുത്. മാനസികപിരിമുറുക്കം, ഉത്കണ്ഠ മുതലായവ ശരീരത്തിലെ സ്റ്റിറോയിഡ് ഹോര്‍മോണുകളുടെ അളവ് വര്‍ധിപ്പിച്ചു മുഖക്കുരുക്കള്‍ കൂട്ടാം. അപ്രകാരം മനസ്സും ചര്‍മത്തിന്റെ ആരോഗ്യവും ബന്ധപ്പെട്ട് കിടക്കുന്നു.
വളരെ അപൂര്‍വമായി പനിയും, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും ആഴമേറിയ മുഖക്കുരുക്കള്‍ ഉണ്ടാകാന്‍ കാരണമാകാറുണ്ട് (Acne fulminans / acne maligna). ആഴമേറിയ വടുക്കളും കലകളും നിറയെ പ്രത്യക്ഷപ്പെടുന്ന, അസാധാരണവും തീവ്രവുമായ അസുഖവും (cne conglobata) കാണാറുണ്ട്.
പരിശോധനകള്‍
സാധാരണയായി മുഖക്കുരുവിന് മറ്റ് പരിശോധനകളുടെ ആവശ്യമില്ല. പക്ഷേ, ചിലപ്പോള്‍ മുഖക്കുരു മറ്റ് അസുഖങ്ങളുടെ ഭാഗമായി പ്രത്യക്ഷപ്പെടാം. മുഖക്കുരുവിനോടൊപ്പം അമിത രോമവളര്‍ച്ച, ആര്‍ത്തവ ക്രമക്കേടുകള്‍, ശബ്ദത്തിലെ വ്യത്യാസം, അമിതവണ്ണം, കൗമാരത്തിനുമുന്പോ യൗവനകാലത്തിനുശേഷമോ ഉണ്ടാകുന്ന മുഖക്കുരു, ചികിത്സയ്ക്ക് പ്രതികരിക്കാത്ത മുഖക്കുരു തുടങ്ങിയവ കൂടുതല്‍ പരിശോധന വേണമെന്ന സൂചന നല്കുന്നു.
പി.സി.ഒ.എസ്, അണ്ഡാശയ മുഴകള്‍, പുരുഷഹോര്‍മോണ്‍ പുറപ്പെടുവിക്കുന്ന ട്യൂമറുകള്‍, ചില മരുന്നുകളുടെ പാര്‍ശ്വഫലം തുടങ്ങിയ കാരണങ്ങള്‍കൊണ്ട് മുഖക്കുരു പ്രത്യക്ഷപ്പെടാം.
ഈ സാഹചര്യത്തില്‍ ഡോക്ടറുടെ ഉപദേശപ്രകാരം ഹോര്‍മോണ്‍ പരിശോധനകളും സ്കാനിങ്ങും മറ്റ് പരിശോധനകളും ചെയ്യേണ്ടതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചര്മരോഗവിദഗ്ധന് പുറമേ എന്‍ഡോക്രൈനോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ് തുടങ്ങിയവരുടെ സഹായവും വേണ്ടിവന്നേക്കാം. പലപ്പോഴും തീവ്രതകൂടിയ മുഖക്കുരുവുള്ളവരില് ഉത്കണ്ഠയും വിഷാദരോഗവും കാണാറുണ്ട്. അപ്പോള്‍ മാനസികരോഗ വിദഗ്ധന്റെ സഹായവും വേണ്ടിവരാറുണ്ട്.
ചിലപ്പോള്‍ ‘വെറും’ മുഖക്കുരു എന്ന് സാധാരണ ആളുകള്‍ കരുതുന്നത് യഥാര്‍ഥത്തില്‍ മറ്റുചില ചര്‍മരോഗങ്ങളാകാം. ഹൈഡ്രഡിനൈറ്റിസ് സപ്പുററ്റിവ, ട്യൂബറസ് സ്ക്ളീറോസിസ് മുതലായവ ഉദാഹരണം. അതുകൊണ്ട് തുടക്കത്തില്‍ത്തന്നെ ഡോക്ടറെ കാണിക്കുന്നതാണ് ഉചിതം.
read more Body Fat ഇടുപ്പിലെ വണ്ണം കുറയ്ക്കാൻ ഇനി ജിമ്മിൽ പോകണ്ട: വീട്ടിൽ ഇവ ചെയ്തു നോക്കു