ദോഹ: ഒരു ദിവസത്തെ ഇടവേളക്കുശേഷം, ഏഷ്യൻ കപ്പിലെ പോരാട്ടം വെള്ളിയാഴ്ച മുതൽ അവസാന എട്ടിലേക്ക്. 24 ടീമുകളിൽനിന്ന് 16 പേരും പുറത്തായതോടെ ഇനി കിരീടസ്വപ്നങ്ങൾക്ക് മൂർച്ചയേറും. ബുധനാഴ്ച രാത്രിയിൽ നടന്ന അവസാന പ്രീക്വാർട്ടറിൽ ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശത്തിനൊടുവിൽ ഇറാനും കടന്നുകൂടിയതോടെ ഫൈനൽ എട്ടിലെ ചിത്രം തെളിഞ്ഞു.
അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാടകീയ നിമിഷങ്ങൾക്കൊടുവിലായിരുന്നു ഇറാനും സിറിയയും അങ്കം പൂർത്തിയാക്കിയത്. 34ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ ഇറാന്റെ മെഹ്ദി തരിമി അധികം വൈകാതെ റെഡ്കാർഡുമായി പുറത്തായി. മറ്റൊരു പെനാൽറ്റിയിലൂടെ സിറിയ സമനില പിടിച്ചതിനുപിന്നാലെ കളി ഫുൾടൈമും എക്സ്ട്രാ ടൈമും കടന്ന് ഷൂട്ടൗട്ടിലെത്തിയപ്പോർ ഇറാന്റെ പരിചയസമ്പത്ത് തുണയായി മാറി. സിറിയയുടെ കിക്കിനെ തടുത്തിട്ട ഇറാൻ ഗോൾ കീപ്പർ അലിറിസയാണ് ടീമിന്റെ വിജയ ശിൽപിയായ ക്വാർട്ടർ ടിക്കറ്റ് സമ്മാനിച്ചത്. ഷൂട്ടൗട്ടിൽ 5-3 എന്നായിരുന്നു സ്കോർ.