മലപ്പുറം: 333 ബസുകൾ ഒരു ദിവസം കാരുണ്യത്തിന്റെ നിരത്തിലിറങ്ങിയപ്പോൾ നാടൊന്നാകെ സ്നേഹക്കടലായി അതൊരു ചരിത്രമുഹൂർത്തമാക്കി മാറ്റി. കഴിഞ്ഞ തിങ്കളാഴ്ച മലപ്പുറം ജില്ലയിലെ ബസുകൾ നടത്തിയ കാരുണ്യയാത്രയിൽ 81.5 ലക്ഷത്തിലധികം രൂപ സമാഹരിച്ച് ഒത്തൊരുമയുടെ ‘റെക്കോഡ്’ തീർത്തിരിക്കുകയാണ് ബസ് ജീവനക്കാർ.
അപ്രതീക്ഷിത അപകടത്തിൽ വിട പറഞ്ഞ തങ്ങളുടെ സഹപ്രവർത്തകൻ ആനക്കയം സ്വദേശി തറമണ്ണിൽ ജംഷീറിന്റെ മക്കൾക്ക് വീടെന്ന ലക്ഷ്യത്തിനായാണ് ബസ് ജീവനക്കാരും ഉടമകളും ഒന്നിച്ചത്. ജനുവരി 29ലെ കലക്ഷൻ ജംഷീറിന്റെ കുട്ടികൾക്കായി സമർപ്പിക്കുകയായിരുന്നു അവർ. സമാഹരിച്ച തുക കേരളം കണ്ട ഏറ്റവും വലിയ കാരുണ്യ കലക്ഷനായി മാറി. ഒരു ദിവസം കൊണ്ട് 81,52,798 രൂപയാണ് ബസുകൾ നിരത്തിലോടി ശേഖരിച്ചത്.
Read also: ഏറ്റവും മികച്ച പി.എം.ആർ സേവനങ്ങളുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
അന്നേദിവസം യാത്ര ചെയ്തവരോട് ടിക്കറ്റ് തുകയോ അല്ലെങ്കിൽ ഇഷ്ടമുള്ള തുകയോ ബക്കറ്റിൽ നിക്ഷേപിക്കാമെന്നറിയിച്ചിരുന്നു. യാത്രക്കാരിലധികവും ടിക്കറ്റിനേക്കാൾ ഉയർന്ന തുക നൽകാൻ തയാറായി.
സമൂഹ മാധ്യമങ്ങൾ വഴിയും പത്ര-ദൃശ്യ മാധ്യമങ്ങൾ വഴിയും കാരുണ്യയാത്രയെക്കുറിച്ച് ബോധവത്കരണം നടത്തിയിരുന്നു. മഞ്ചേരി – തിരൂർ – അരീക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന ബസിലെ കണ്ടക്ടറായിരുന്ന ജംഷീർ റോഡിലെ ശതാഗതകുരുക്ക് മാറ്റാൻ വാഹനത്തിൽ നിന്നിറങ്ങിയ സമയത്താണ് ലോറിയിടിച്ച് മരിച്ചത്.
ബസ് മേഖലയിലുള്ളവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സഹായ കമ്മിറ്റിയുടെ ചെയർമാൻ നാസർ അൽനാസാണ്. വാക്കിയത്ത് കോയ കൺവീനറും പി.ടി.ബി ജാഫർ ട്രഷററുമാണ്. ജംഷീറിന്റെ മക്കൾക്ക് പുതിയ വീട് നിർമിക്കുമെന്നും ബാക്കി തുക ഉപയോഗിച്ച് അവർക്ക് വരുമാന മാർഗത്തിനായുള്ള പ്രവർത്തനങ്ങൾ ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു